| Wednesday, 3rd April 2024, 6:39 pm

ബുള്‍സ് ഐ 🎯🎯 'നൂറ്റാണ്ടിലെ ഏറ്റവും മികച്ച ത്രോയും റണ്‍ ഔട്ടും'; 3Dയല്ല 4Dയല്ല, താന്‍ 5Dയാണെന്ന് തെളിയിക്കുന്ന പൂരന്‍ മാജിക്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 15ാം മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ലഖ്‌നൗ വിജയിച്ചുകയറിയത്.

ലഖ്‌നൗ ഉയര്‍ത്തിയ 182 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 19.4 ഓവറില്‍ 153ന് പുറത്തായി.

ലഖ്‌നൗവിനായി മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ എം. സിദ്ധാര്‍ത്ഥ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്.

ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും മായങ്ക് ഡാഗറുമാണ് റണ്‍ ഔട്ടിലൂടെ പുറത്തായത്. ഇതില്‍ ഡാഗറിന്റെ റണ്‍ ഔട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നിക്കോളാസ് പൂരന്റെ ഡയറക്ട് ഹിറ്റിലൂടെയാണ് ഡാഗര്‍ പുറത്താകുന്നത്.

18ാം ഓവറിലെ ആദ്യ പന്തിലാണ് മായങ്ക് ഡാഗര്‍ പവലിനയനിലേക്ക് തിരിച്ചുനടന്നത്. യാഷ് താക്കൂറിന്റെ പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ലോംറോര്‍ ഷോട്ടിന് ശ്രമിച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ഒരു ക്യാച്ചിന്റെ പ്രതീതി സൃഷ്ടിച്ചെങ്കിലും നോ മാന്‍സ് ലാന്‍ഡിലാണ് ചെന്നുവീണത്. ഇതിനിടെ ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ ഡാഗറും ലോംറോറും രണ്ടാം റണ്ണിനായി ശ്രമിച്ചു.

രണ്ടാം റണ്ണിനായി ക്രീസ് വിട്ടിറങ്ങിയ ഡാഗര്‍ പിച്ചിന് നടുവിലെത്തിയിരുന്നു. പൂരന്‍ പന്ത് കൈക്കലാക്കിയെന്ന് മനസിലായതോടെ തിരിഞ്ഞോടാനുള്ള ശ്രമത്തിനിടയില്‍ താരം വഴുതി വീഴുകയായിരുന്നു.

ഇതിനിടെ 30 യാര്‍ഡ് സര്‍ക്കിളിന് വെളിയില്‍ നിന്നും പൂരന്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് എറിഞ്ഞുവീഴ്ത്തുകയായിരുന്നു.

ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി എന്നതിനൊപ്പം താനൊരു മികച്ച ഫീല്‍ഡര്‍ കൂടിയാണെന്ന് പൂരന്‍ തെളിയിച്ച പല നിമിഷങ്ങളില്‍ ഒന്നായിരുന്നു ചിന്നസ്വാമിയില്‍ കണ്ടത്.

അതേ ഓവറിലെ അഞ്ചാം പന്തില്‍ ലോംറോറും പുറത്തായി. ഇതിലും പൂരന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു.

നേരത്തെ ബാറ്റിങ്ങിനിടെ റീസ് ടോപ്‌ലിയെ ഒരു ഓവറില്‍ മൂന്ന് സിക്‌സറിനും പറത്തിയിരുന്നു. തന്റെ ഐ.പി.എല്‍ കരിയറിലെ നൂറാം സിക്‌സറും താരം തികച്ചിരുന്നു. ഈ സിക്‌സറാകട്ടെ 106 മീറ്റര്‍ ദൂരെയാണ് ചെന്നുവീണതും.

21 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സാണ് പൂരന്‍ നേടിയത്. ഒരു ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അതേസമയം, അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ജയന്റ്‌സ്. ഏപ്രില്‍ ഏഴിനാണ് ടീമിന്റെ അടുത്ത മത്സരം. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് ലഖ്നൗ.

Content Highlight: IPL 2024: RCB vs LSG: Nichola’s Pooran’s direct hit run out to dismiss Mayank Dagar

Latest Stories

We use cookies to give you the best possible experience. Learn more