ഐ.പി.എല്‍ 2024ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് സീസണിലെ പത്താം മത്സരം അരങ്ങേറുന്നത്.
തുല്യ ശക്തികളായ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനാകും ബെംഗളൂരു സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്.
ഈ മത്സരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് റിങ്കു സിങ് – യാഷ് ദയാല്‍ സ്റ്റാര്‍ ബാറ്റിലിനാണ്. കഴിഞ്ഞ സീസണില്‍ ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷിങ്ങിലൂടെ ടീമിനെ വിജയിപ്പിച്ച റിങ്കു സിങ്ങും മറുതലയ്ക്കല്‍ അടിയേറ്റ് തലകുനിച്ചുനിന്ന യാഷ് ദയാലും വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു യാഷ് ദയാല്‍. കൊല്‍ക്കത്ത – ടൈറ്റന്‍സ് മത്സരത്തില്‍ യാഷ് ദയാലിന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയാണ് റിങ്കു സിങ് നൈറ്റ് റൈഡേഴ്‌സിനെ വിജത്തിലേക്ക് നയിച്ചത്.
അവസാന ഓവറില്‍ 29 റണ്‍സായിരുന്നു നൈറ്റ് റൈഡേഴ്‌സിന് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ റിങ്കു സിങ്ങിന്റെ മനോവീര്യത്തിന്റെ കരുത്തില്‍ കെ.കെ.ആര്‍ വിജയിച്ചുകയറുകയായിരുന്നു.
ഗുജറാത്ത് – കൊല്‍ക്കത്ത മത്സരത്തിലെ അവസാന ഓവര്‍
19.1: ലോങ് ഓണിലേക്ക് സിംഗിള്‍ നേടി ഉമേഷ് യാദവ് സ്ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി.
19.2: യാഷ് ദയാലിന്റെ പന്തില്‍ റിങ്കു സിങ് ഡീപ് കവറിലേക്ക് തഴുകി വിട്ട് സിക്സര്‍ നേടി. കൊല്‍ക്കത്തക്ക് വിജയിക്കാന്‍ നാല് പന്തില്‍ 22 റണ്‍സ്.
19.3: യാഷ് ദയാലിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ടാം സിക്സര്‍. ദയാലിന്റെ ലോ ഫുള്‍ടോസ് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്സറിന് പറത്തിയപ്പോള്‍ വിജയലക്ഷ്യം മൂന്ന് പന്തില്‍ 16 റണ്‍സിലേക്ക്.
19.4: ദയാലിന്റെ അടുത്ത ഫുള്‍ടോസ് ഡീപ് കവര്‍ പോയിന്റിലൂടെ ഗാലറിയിലേക്ക്. നിശബ്ദമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിന്റെ സ്‌ക്രീനില്‍ രണ്ട് പന്തില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് എന്ന് തെളിഞ്ഞു.
19.5: ദയാലിനോട് ഒരു ദയവും കാണിക്കാതെ അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ച് റിങ്കു സിങ്.
19.6: അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. കൊല്‍ക്കത്തയെ സ്വപ്ന വിജയത്തിലേക്ക് നയിച്ച് ഓവറിലെ അഞ്ചാം സിക്സര്‍.
ഈ പ്രകടനത്തിന് പിന്നാലെ റിങ്കു സിങ്ങും യാഷ് ദയാലും ഇന്ത്യയൊന്നാകെ ചര്‍ച്ചയായി മാറി. തുടര്‍ന്നും തന്റെ മികച്ച ഫോം തുടര്‍ന്ന റിങ്കു സിങ് ഇന്ത്യക്കായി വൈറ്റ് ബോളില്‍ അരങ്ങേറ്റം കുറിച്ചു.
എന്നാല്‍ ഈ മത്സരത്തിന് പിന്നാലെ ടൈറ്റന്‍സ് നിരയില്‍ നിന്നും യാഷ് ദയാല്‍ പതിയെ അപ്രത്യക്ഷമാവുകയായിരുന്നു. ഒടുവില്‍ താരലേലത്തില്‍ ടീം താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യാഷ് ദയാലില്‍ പൊട്ടെന്‍ഷ്യല്‍ കണ്ട റോയല്‍ ചലഞ്ചേഴ്‌സ് ലേലത്തില്‍ താരത്തിനായി രംഗത്തെത്തുകയും അഞ്ച് കോടി രൂപക്ക് യാഷ് ദയാലിനെ ചിന്നസ്വാമിയിലെത്തിക്കുകയുമായിരുന്നു. 2023ല്‍ ടൈറ്റന്‍സ് താരമായിരിക്കെ 3.20 കോടിയായിരുന്നു ദയാലിന്റെ സാലറി. എന്നാല്‍ അതിലും കൂടുതല്‍ തുകക്കാണ് ആര്‍.സി.ബി താരത്തെ സ്വന്തമാക്കിയത്.
ടീം തന്നിലര്‍പ്പിച്ച വിശ്വാസം യാഷ് ദയാലും പൂര്‍ണമായും കാക്കുന്ന കാഴ്ചയാണ് സീസണില്‍ കണ്ടത്. പന്തെറിഞ്ഞ രണ്ട് മത്സരത്തിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്. പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ തന്റെ പ്രകടനം യാഷ് ദയാല്‍ ഒന്നുകൂടി മെച്ചപ്പെടുത്തി. നാല് ഓവറില്‍ വെറും 123 റണ്‍സാണ് താരം വഴങ്ങിയത്. 5.75 എന്ന മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞ ദയാല്‍ സാം കറണിന്റെ വിക്കറ്റും നേടിയിരുന്നു. ഇതേ പ്രകടനം ദയാലിന് റിങ്കുവിനും കൊല്‍ക്കത്തക്കും എതിരെ ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ചിന്നസ്വാമിയില്‍ അവസാന ചിരി ഫാഫിനും സംഘത്തിനുമായിരിക്കും.
Content highlight: IPL 2024: RCB vs KKR: Star Battle between Rinku Singh and Yash Dayal