| Sunday, 21st April 2024, 2:40 pm

എന്റെ ബാറ്റാണോ നീ പൊട്ടിച്ചത്? വിരാടിനോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി റിങ്കു; പറ്റില്ലെന്ന് കോഹ്‌ലി: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 36ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തിന് മുമ്പ് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും നൈറ്റ് റൈഡേഴ്‌സ് യുവതാരം റിങ്കു സിങ്ങും തമ്മില്‍ ഡ്രസ്സിങ് റൂമിന് പുറത്തുവെച്ച് കണ്ടിരുന്നു. ഒരു പൊട്ടിയ ബാറ്റിനെ കുറിച്ചുള്ള ഇരുവരുടെയും സംസാരമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ചിന്നസ്വാമിയില്‍ ഇരുടീമുകളും ഏറ്റമുട്ടിയതിന് പിന്നാലെ വിരാട് കോഹ്‌ലി റിങ്കു സിങ്ങിന് ഒരു ബാറ്റ് സമ്മാനിച്ചിരുന്നു. എന്നാല്‍ ശേഷം നടന്ന ഒരു മത്സരത്തിനിടെ ആ ബാറ്റ് പൊട്ടിപ്പോയിരുന്നു.

ആ ബാറ്റ് എങ്ങനെയാണ് പൊട്ടിയതെന്ന് വിരാടിനെ പറഞ്ഞു മനസിലാക്കുന്ന റിങ്കുവിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഒരു സ്പിന്നര്‍ക്കെതിരെ ഷോട്ട് കളിച്ചപ്പോള്‍ ബാറ്റ് പൊട്ടിയെന്നാണ് റിങ്കു പറഞ്ഞത്.

ബാറ്റ് പൊട്ടിയെന്ന് റിങ്കു പറഞ്ഞപ്പോള്‍ തന്റെ ബാറ്റ് ആണോ എന്ന് വിരാട് അത്ഭുതത്തോടെ ചോദിക്കുകയായിരുന്നു.

ഇതിനിടെ റിങ്കു വിരാടിന്റെ ബാറ്റ് എടുത്ത് പന്ത് തട്ടുന്നതും വീഡിയോയിലുണ്ട്. ഈ ബാറ്റ് അത്ര മികച്ചതല്ല എന്ന് വിരാട് പറയുമ്പോള്‍ ഒരു ബാറ്റ് തരുന്നുണ്ടോ എന്ന് റിങ്കു ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരു ബാറ്റ് നല്‍കുന്നതില്‍ വിരാടിന് താത്പര്യമില്ലായിരുന്നു. ഇതിനിടെ വിരാട് ക്യാമറയിലേക്ക് നോക്കി ചിരിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോയുടെ അവസാനം താന്‍ ഇനി ബാറ്റ് പൊട്ടിക്കില്ല എന്ന് റിങ്കു സിങ് പറയുന്നുമുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ആര്‍.സി.ബി. ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രം സ്വന്തമാക്കിയ ടീമിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. കൊല്‍ക്കത്തക്കെതിരെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമേ ടീമിന് പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കൂ.

അതേസയം, നിലവില്‍ മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്. ആര്‍.സി.ബിയെ വീണ്ടും പരാജയപ്പെടുത്തിയാല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കെ.കെ.ആറിന് സാധിക്കും.

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പതിവിന് വിപരീതമായി പച്ച ജേഴ്സിയണിഞ്ഞാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ടീം ഗ്രീന്‍ ജേഴ്സി ധരിക്കുന്നത്.

Content highlight: IPL 2024: RCB vs KKR: Rinku Singh explains how he broke the bat gifted by Virat Kohli

We use cookies to give you the best possible experience. Learn more