ഐ.പി.എല്‍ 2024ലെ 36ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. സീസണില്‍ ഇരുവരും നേരത്തെ ചിന്നസ്വാമിയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ വിജയം കൊല്‍ക്കത്തക്കൊപ്പമായിരുന്നു.
ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പച്ച ജേഴ്‌സിയണിഞ്ഞാണ് ആര്‍.സി.ബി കളത്തിലിറങ്ങിയത്. ഇതിന് മുമ്പ് പച്ച ജേഴ്‌സിയണിഞ്ഞ് ആര്‍.സി.ബി കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങിയപ്പോഴും കൊല്‍ക്കത്തയാണ് വിജയിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. കാമറൂണ്‍ ഗ്രീനും മുഹമ്മദ് സിറാജും തിരിച്ചെത്തി. കരണ്‍ ശര്‍മയാണ് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം.
ബെംഗളൂരു സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കിനെ സംബന്ധിച്ച് ഈ മത്സരം ഏറെ പ്രധാനമാണ്. ഐ.പി.എല്ലിലെ 250ാം മത്സരത്തിനാണ് താരം കളത്തിലിറങ്ങുന്നത്. എം.എസ്. ധോണിയും രോഹിത് ശര്‍മയും മാത്രമാണ് ഇതിന് മുമ്പ് 250 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങള്‍
(താരം – മത്സരം എന്നീ ക്രമിത്തില്‍)
എം.എസ്. ധോണി – 256
രോഹിത് ശര്‍മ – 250
ദിനേഷ് കാര്‍ത്തിക് – 250*
വിരാട് കോഹ്‌ലി – 244
രവീന്ദ്ര ജഡേജ – 232
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് കൊല്‍ക്കത്ത കളത്തിലിറക്കുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ആര്‍.സി.ബി. ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രം സ്വന്തമാക്കിയ ടീമിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. കൊല്‍ക്കത്തക്കെതിരെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമേ ടീമിന് പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കൂ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, മുഹമ്മദ് സിറാജ്.
Content Highlight: IPL 2024: RCB vs KKR: Dinesh Karthik playing his 250th IPL match