ഇന്ത്യന്‍ മണ്ണില്‍ മറ്റൊരുത്തനും പറ്റാത്തത് ചെയ്തു കാട്ടി കരീബിയന്‍ കരുത്ത്; വിരമിച്ചാലും ഈ റെക്കോഡ് ഇവിടെ തന്നെ കാണും
IPL
ഇന്ത്യന്‍ മണ്ണില്‍ മറ്റൊരുത്തനും പറ്റാത്തത് ചെയ്തു കാട്ടി കരീബിയന്‍ കരുത്ത്; വിരമിച്ചാലും ഈ റെക്കോഡ് ഇവിടെ തന്നെ കാണും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th March 2024, 9:43 pm

ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.

വിരാട് 59 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് അര്‍ധ സെഞ്ച്വറി നേടുന്നത്. നേരത്തെ ചിന്നസ്വാമിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെയും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

കൊല്‍ക്കത്ത നിരയില്‍ ആന്ദ്രേ റസലാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ റസല്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. റസലിന് പുറമെ ഹര്‍ഷിത് റാണ രണ്ട് വിക്കറ്റും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിനെയും രജത് പാടിദാറിനെയും മടക്കിയ റസല്‍ ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി.

 

നൂറാം വിക്കറ്റിന് പിന്നാലെ ഒരു ഐക്കോണിക് ഡബിളാണ് റസലിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ നൂറ് വിക്കറ്റും ഇരുന്നൂറ് സിക്‌സറും നേടുന്ന ഏക താരം എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.

 

 

ഏറെ കാലത്തോളം റസലിന്റെ ഈ റെക്കോഡ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നുറപ്പാണ്. കാരണം ഐ.പി.എല്ലില്‍ ഇത്രത്തോളം മികച്ച ഓള്‍ റൗണ്ട് പ്രകടനം ആരും നടത്തിയിട്ടില്ല എന്നതു തന്നെ. നൂറ് സിക്‌സറും നൂറ് വിക്കറ്റുമുള്ള രവീന്ദ്ര ജഡേജയാണ് റസലിന് പിന്നിലുള്ളത്.

അതേസമയം, ബെംഗളൂരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് എന്ന നിലയിലാണ്. ഏഴ് പന്തില്‍ 18 റണ്‍സുമായി ഫില്‍ സോള്‍ട്ടും അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി സുനില്‍ നരെയ്‌നുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്

സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്

മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്നില്‍ സിങ്.

 

 

 

Content highlight: IPL 2024: RCB vs KKR: Andre Russel becomes the only player in the history of IPL to clinch 200 sixers and 100 wickets