| Sunday, 28th April 2024, 9:46 pm

വെറും ആറ് മിനിട്ടില്‍ വിരാടിനെ കൊണ്ട് തന്റെ അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും ആഘോഷിപ്പിച്ചവന്‍; ഡി വില്ലിയേഴ്‌സിന് ശേഷം വിരാട് ബാറ്റിങ് ആസ്വദിക്കുന്നത് ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 45ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ മൂന്നാം വിജയം ആഘോഷിച്ചിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.

ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16 ഓവറില്‍ ആര്‍.സി.ബി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.

സായ് സുദര്‍ശന്‍ 49 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 58 റണ്‍സുമായാണ് ഷാരൂഖ് ഖാന്‍ മടങ്ങിയത്. 19 പന്തില്‍ 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ടൈറ്റന്‍സിനായി തിളങ്ങി.

മറുപടി ബാറ്റിങ്ങിറങ്ങിയ ബെംഗളൂരുവിനായി നുന്‍ നായകന്‍ വിരാട് കോഹ്‌ലിയും നായകന്‍ ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

12 പന്തില്‍ 24 റണ്‍സ് നേടിയ ക്യാപ്റ്റനെ പുറത്താക്കി രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ് ശങ്കറിന് ക്യാച്ച് നല്‍കിയായിരുന്നു ഫാഫിന്റെ മടക്കം.

വണ്‍ ഡൗണായി വില്‍ ജാക്സാണ് കളത്തിലെത്തിയത്. ടീം സ്‌കോര്‍ 40ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് ടീമിന്റെ വിജയം വരെ നീണ്ടുനിന്നു.

വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സെഞ്ച്വറി നേടിയാണ് വില്‍ ജാക്‌സ് തിളങ്ങിയത്.

ക്രീസിലെത്തിയ ആദ്യ നിമിഷങ്ങളില്‍ സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ട വില്‍ ജാക്‌സിനെയായിരുന്നു ആരാധകര്‍ കണ്ടത്. ഇതിനിടെ അമ്പയറുടെ തെറ്റായ തീരുമാന പ്രകാരം പുറത്തായെങ്കിലും റിവ്യൂവിലൂടെ താരം ആ തീരുമാനം തിരുത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇംഗ്ലീഷ് താരത്തിന്റെ വെടിക്കെട്ട് ടൈറ്റന്‍സ് ബൗളര്‍മാര്‍ അറിഞ്ഞത്.

ആറ് മിനിട്ടിനിടെ അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും ആഘോഷമാക്കിയാണ് ജാക്‌സ് തിളങ്ങിയത്.

14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 29 പന്തില്‍ 44 റണ്‍സുമായാണ് വില്‍ ജാക്‌സ് അടുത്ത ഓവര്‍ ഓവറില്‍ സ്‌ട്രൈക്കിലെത്തിയത്. മോഹിത് ശര്‍മയെറിഞ്ഞ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ വില്‍ ജാക്‌സ് തൊട്ടടുത്ത പന്തില്‍ സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ആ ഓവറില്‍ നിന്നും മറ്റ് രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും കണ്ടെത്തിയ വില്‍ ജാക്‌സ് 28 റണ്‍സാണ് 15ാം ഓവറില്‍ നിന്നും മോഹിത് ശര്‍മയെ തച്ചുനേടിയത്.

റാഷിദ് ഖാനെറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് തന്റെ സഹതാരത്തിന് കൈമാറിയ വിരാട് ശേഷം മറുവശത്ത് നിന്നും വെടിക്കെട്ട് ആസ്വദിക്കുകയായിരുന്നു.

16ാം ഓവറില്‍ അഫ്ഗാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറെ നാല് സിക്‌സറിനാണ് വില്‍ ജാക്‌സ് പറത്തിയത്. ഓവറിലെ രണ്ട്, മൂന്ന് പന്തുകള്‍ സിക്‌സര്‍ നേടിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം നാലാം പന്തില്‍ ബൗണ്ടറിയും സ്വന്തമാക്കി.

ഓവറിലെ അഞ്ചാം പന്തില്‍ വീണ്ടും സിക്സര്‍ നേടിയ വില്‍ ജാക്സ് സ്‌കോര്‍ സമനിലയിലാക്കിയിരുന്നു. വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം ബാക്കി നില്‍ക്കെ തന്റെ സെഞ്ച്വറിക്ക് ആറ് റണ്‍സകലെയായിരുന്നു താരം. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ അഫ്ഗാന്‍ മജീഷ്യനെ വീണ്ടും അതിര്‍ത്തി കടത്തിയ താരം ടീമിന്റെ വിജയവും തന്റെ സെഞ്ച്വറിയും ഒരുപോലെ പൂര്‍ത്തിയാക്കി.

നേരിട്ട 31ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 41ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്!

വില്‍ ജാക്‌സ് ഓരോ സിക്‌സര്‍ നേടുമ്പോഴും മറുവശത്ത് നിന്നും അത് ആവേശത്തോടെ ആസ്വദിക്കുന്ന വിരാട് കോഹ്‌ലിയും മത്സരത്തിലെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു.

സ്‌ട്രൈക്കില്‍ ഡി വില്ലിയേഴ്‌സും ഗെയ്‌ലും ബാറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് മറുവശത്ത് നിന്നും വിരാട് ഇത്രത്തോളം ബാറ്റിങ് ആസ്വദിക്കുന്നത് കണ്ടിട്ടുള്ളത് എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, വിജയത്തിന് ശേഷവും ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ പത്താമതാണ്. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി ആറ് പോയിന്റാണ് ടീമിനുള്ളത്.

മെയ് നാലിനാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ടൈറ്റന്‍സ് തന്നെയാണ് എതിരാളികള്‍.

Content Highlight: IPL 2024: RCB vs GT: Will Jacks’ explosive batting against Gujarat Titans

We use cookies to give you the best possible experience. Learn more