ഐ.പി.എല്‍ 2024ലെ 52ാം മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടരുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമെന്നതിനാല്‍ രണ്ടും കല്‍പിച്ചാണ് ആര്‍.സി.ബി ഇറങ്ങിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ആര്‍.സി.ബിക്ക് ലഭിച്ചത്. പവര്‍പ്ലേയില്‍ എതിരാളികളെ വെറും 23 റണ്‍സില്‍ ഒതുക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാര്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു.
നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലറും ഷാരൂഖ് ഖാനും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടിരുന്നു. ഇരുവരും മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ ഏഴ് റണ്‍സിന്റെ ഇടവേളയില്‍ ഇരുവരെയും പുറത്താക്കിയ ആര്‍.സി.ബി വീണ്ടും എതിരാളികളെ ഞെട്ടിച്ചു.
വിരാട് കോഹ്‌ലിയുടെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് ഷാരൂഖ് ഖാന്‍ പുറത്താകുന്നത്. വൈശാഖ് വിജയ്കുമാര്‍ എറിഞ്ഞ പന്ത് രാഹുല്‍ തെവാട്ടിയ ഡിഫന്‍ഡ് ചെയ്തു. ഇല്ലാത്ത റണ്ണിനായി ഓടിയ ഷാരൂഖിനെ കൃത്യതയാര്‍ന്ന ത്രോയിലൂടെ വിരാട് മടക്കി.
ഐ.പി.എല്ലില്‍ ഇത് 20ാം തവണയാണ് വിരാട് എതിരാളികളെ റണ്‍ ഔട്ടാക്കുന്നത്. പട്ടികയില്‍ മൂന്നാമനാണ് വിരാട്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍ ഔട്ടിന് കാരണക്കാരായ താരങ്ങള്‍
(താരം – റണ്‍ ഔട്ട് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 24
രവീന്ദ്ര ജഡേജ – 23
വിരാട് കോഹ് ലി- 20*
സുരേഷ് റെയ്‌ന – 16
മനീഷ് പാണ്ഡേ – 16
അതേസമയം, നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 121ന് അഞ്ച് എന്ന നിലയിലാണ് ടൈറ്റന്‍സ്. 17 പന്തില്‍ 19 റണ്‍സുമായി രാഹുല്‍ തെവാട്ടിയയും ഏഴ് പന്തില്‍ പത്ത് റണ്‍സുമായി റാഷിദ് ഖാനുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സുതര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയ്കുമാര്‍.
Content Highlight: IPL 2024: RCB vs GT: Virat Kohli run outs Sharukh Khan