| Sunday, 28th April 2024, 8:58 pm

സഞ്ജുവിനും ജോസേട്ടനും സ്ഥാനം ഇനി രണ്ടാമത് മാത്രം; ഐ.പി.എല്‍ 2024ലെ സൂപ്പര്‍ ലിസ്റ്റില്‍ നിന്നും പടിയിറക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 45ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.

ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി.

സായ് സുദര്‍ശന്‍ 49 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 58 റണ്‍സുമായാണ് ഷാരൂഖ് ഖാന്‍ മടങ്ങിയത്. 19 പന്തില്‍ 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെ ഇന്നിങ്സും ടോട്ടലില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിറങ്ങിയ ബെംഗളൂരുവിനായി വിരാടും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

12 പന്തില്‍ 24 റണ്‍സ് നേടിയ ക്യാപ്റ്റനെ പുറത്താക്കി രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ് ശങ്കറിന് ക്യാച്ച് നല്‍കിയായിരുന്നു ഫാഫിന്റെ മടക്കം.

സൂപ്പര്‍ താരം വില്‍ ജാക്‌സാണ് വണ്‍ ഡൗണായി കളത്തിലെത്തിയത്. ടീം സ്‌കോര്‍ 40ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് ടീമിന്റെ വിജയം വരെ നീണ്ടുനിന്നു.

വില്‍ ജാക്‌സ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് വിരാട് തിളങ്ങിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇരുവരും സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. 166 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ പിറന്നത്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ – ജോസ് ബട്‌ലര്‍ ജോഡിയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിയാണ് വിരാട്-വില്‍ ജാക്‌സ് കോംബോ ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2024ലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകള്‍

(താരങ്ങള്‍ – ടീം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി & വില്‍ ജാക്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് – 166*

സഞ്ജു സാംസണ്‍ & ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 148

സുനില്‍ നരെയ്ന്‍ & ഫില്‍ സോള്‍ട്ട് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് കിങ്‌സ് – 138

കെ.എല്‍. രാഹുല്‍ & ക്വിന്റണ്‍ ഡി കോക്ക് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 134

ട്രാവിസ് ഹെഡ് & അഭിഷേക് ശര്‍മ – സണ്‍റൈസെഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 131

സഞ്ജു സാംസണ്‍ & റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 130

അതേസമയം, വിജയത്തിന് ശേഷവും ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ പത്താമതാണ്. പത്ത് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്.

മെയ് നാലിനാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് എതിരാളികള്‍.

Content Highlight: IPL 2024: RCB vs GT: Virat Kohli and Will Jacks create best partnership of this season

We use cookies to give you the best possible experience. Learn more