ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ മൂന്നാം ജയം ആഘോഷിച്ചിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ 200 റണ്‍സ് നേടി. സൂപ്പര്‍ താരം സായ് സുദര്‍ശനിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വില്‍ ജാക്‌സിന്റെ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 24 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
— Royal Challengers Bengaluru (@RCBTweets) April 28, 2024
ഇതോടെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. ഇതിലൊന്ന് ഐ.പി.എല്‍ റെക്കോഡാണെങ്കില്‍ മറ്റൊന്ന് സ്വന്തം റെക്കോഡും.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200+ റണ്‍സ് പിന്തുടര്‍ന്ന വിജയിക്കുന്ന ടീം എന്ന നേട്ടമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കെതിരെ മുംബൈ ഇന്ത്യന്‍സ് അടിച്ചുനേടിയ നേട്ടം പഴങ്കഥയാക്കിയാണ് ആര്‍.സി.ബി പുതിയ ചരിത്രമെഴുതിയത്.
ഇതിന് പുറമെ ഈ വിജയത്തോടെ 5,157 ദിവസത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനും ആര്‍.സി.ബിക്കായി. 2010ന് ശേഷം ഇതാദ്യമായി 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നതിന്റെ നേട്ടമാണ് ടീം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഇത് രണ്ടാം തവണ മാത്രമാണ് ആര്‍.സി.ബി 200+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്.
അതേസമയം, ഗുജറാത്തിനെതിരായ വിജയത്തിന് ശേഷവും ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ പത്താമതാണ്. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി ആറ് പോയിന്റാണ് ടീമിനുള്ളത്.
മെയ് നാലിനാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ടൈറ്റന്‍സ് തന്നെയാണ് എതിരാളികള്‍.
Content Highlight: IPL 2024: RCB vs GT: Royal Challengers now hold the record for the fastest 200+ chase in the IPL