| Sunday, 28th April 2024, 7:29 pm

ജയിക്കാന്‍ 25 പന്തില്‍ വേണ്ടത് ഒറ്റ റണ്‍; 94ല്‍ നിന്നും സിക്‌സറടിച്ച് സെഞ്ച്വറി; ഫോറിന്റെ ഇരട്ടി സിക്‌സറില്‍ വെടിക്കെട്ട് വിപ്ലവം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 45ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം. ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് സായ് സുദര്‍ശന്റെയും ഷാരൂഖ് ഖാന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വെറ്ററന്‍ സൂപ്പര്‍ താരം വൃദ്ധിമാന്‍ സാഹയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും പരാജയപ്പെട്ട മത്സരത്തിലാണ് മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശനും ഷാരൂഖ് ഖാനും ചേര്‍ന്ന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സായ് സുദര്‍ശന്‍ 49 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 58 റണ്‍സുമായാണ് ഷാരൂഖ് ഖാന്‍ മടങ്ങിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.

19 പന്തില്‍ 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെ ഇന്നിങ്‌സും ടീമിന് കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് മുന്‍ ചാമ്പ്യന്‍മാര്‍ നേടിയത്. ബെംഗളൂരുവിനായി സ്വപ്‌നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിറങ്ങിയ പ്ലേ ബോള്‍ഡ് ടീമിനായി വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 40 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്.

ഫാഫിനെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തില്‍ 24 റണ്‍സ് നേടി നില്‍ക്കവെയാണ് ഫാഫ് പവലിയനിലേക്ക് തിരിച്ചുനടന്നത്.

വില്‍ ജാക്‌സാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. കളത്തിലിറങ്ങിയ ആദ്യ നിമിഷങ്ങളില്‍ വില്‍ ജാക്‌സ് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് നിന്ന് വിരാട് തകര്‍ത്തടിച്ചു. അര്‍ധ സെഞ്ച്വറി നേടിയാണ് വിരാട് തിളങ്ങിയത്.

44 പന്തില്‍ പുറത്താകാതെ 70 റണ്‍സാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്. ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്. ഇതിന് പുറമെ സീസണില്‍ 500+ റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിനായി.

എന്നാല്‍ വില്‍ ജാക്‌സ് ഫോമിലെത്തിയതോടെ സപ്പോര്‍ട്ടറുടെ റോളിലേക്ക് വിരാട് സ്വയം മാറി.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറത്തിയാണ് വില്‍ ജാക്‌സ് തകര്‍ത്തടിച്ചത്. 14 ഓവര്‍ പിന്നിടുമ്പോള്‍ ടീം 148ന് ഒന്ന് എന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത രണ്ട് ഓവറില്‍ വില്‍ ജാക്‌സ് കളി മാറ്റി മറിച്ചു.

മോഹിത് ശര്‍മയെറിഞ്ഞ 15ാം ഓവറില്‍ ആറ് പന്തും നേരിട്ട ജാക്‌സ് രണ്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 29 റണ്‍സാണ് അടിച്ചെടുത്തത്.

റാഷിദ് ഖാന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ സംഗിള്‍ നേടിയ വിരാട് സ്‌ട്രൈക്ക് വില്‍ ജാക്‌സിന് കൈമാറി. ഇത്തവണ നാല് സിക്‌സറും ഒരു ഫോറും അടക്കം 29 റണ്‍സാണ് ഓവറില്‍ പിറന്നത്.

ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ നേടിയ വില്‍ ജാക്‌സ് സ്‌കോര്‍ സമനിലയിലാക്കിയിരുന്നു. വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം ബാക്കി നില്‍ക്കെ തന്റെ സെഞ്ച്വറിക്ക് ആറ് റണ്‍സകലെയായിരുന്നു താരം. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ അഫ്ഗാന്‍ മജീഷ്യനെ വീണ്ടും അതിര്‍ത്തി കടത്തിയ താരം ടീമിന്റെ വിജയവും തന്റെ സെഞ്ച്വറിയും ഒരുപോലെ പൂര്‍ത്തിയാക്കി.

41 പന്തില്‍ അഞ്ച് ഫോറും പത്ത് സിക്‌സറും അടക്കം പുറത്താകാതെ നൂറ് റണ്‍സാണ് താരം സ്വന്തമാക്കിയത്.

വിജയത്തിന് ശേഷവും ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ പത്താമതാണ്. പത്ത് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്.

മെയ് നാലിനാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടൈറ്റന്‍സ് തന്നെയാണ് എതിരാളികള്‍.

Content highlight: IPL 2024: RCB vs GT: Royal Challengers Bengaluru defeated Gujarat Titans

Latest Stories

We use cookies to give you the best possible experience. Learn more