| Saturday, 4th May 2024, 8:32 pm

'ചെണ്ടകളുടെ തിരിച്ചുവരവ്'; ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് ഓവറില്‍ ഇരട്ട നാണക്കേടിലേക്ക് തള്ളിയിട്ട് ആര്‍.സി.ബി ബൗളര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 52ാം മത്സരത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കത്തിലേ പിഴച്ചു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ടൈറ്റന്‍സിന് നഷ്ടമായി. ഏഴ് പന്തില്‍ നിന്നും വെറും ഒരു റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്.

മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മടങ്ങി. തന്റെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജാണ് താരത്തെ പുറത്താക്കിയത്. ഏഴ് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ വൈശാഖ് വിജയ്കുമാറിന്റെ കൈകളിലെത്തിച്ചാണ് സിറാജ് ഗില്ലിനെ മടക്കിയത്.

ടീം ടോട്ടലിലേക്ക് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും ടീമിന് നഷ്ടമായി. 14 പന്തില്‍ ആറ് റണ്‍സ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ച് കാമറൂണ്‍ ഗ്രീനാണ് സായ് സുദര്‍ശനെ പവലിയനിലേക്ക് മടക്കിയയച്ചത്.

ഒടുവില്‍ മൂന്ന് വിക്കറ്റിന് 23 എന്ന നിലയിലാണ് ടൈറ്റന്‍സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ രണ്ട് മോശം റെക്കോഡുകളാണ് ടൈറ്റന്‍സിനെ തേടിയെത്തിയത്. ഈ സീസണിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറാണ് ടീം റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കുറിച്ചിരിക്കുന്നത്.

ഐ.പി.എല്‍ 2024ലെ ഏറ്റവും മോശം പവര്‍പ്ലേ ടോട്ടലുകള്‍

(സ്‌കോര്‍ – ടീം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

23/3 – ഗുജറാത്ത് ടൈറ്റന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

27/3 – പഞ്ചാബ് കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

28/4 – മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

30/4 – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ്

31/2 – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ്

ഇതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോര്‍ എന്ന മോശം നേട്ടവും ടീമിനെ തേടിയെത്തി.

അതേസമയം, നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 61ന് മൂന്ന് എന്ന നിലയിലാണ് ടൈറ്റന്‍സ്. ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് സ്‌കോര്‍ ഉയര്‍ത്തുന്നത്. മില്ലര്‍ 14 പന്തില്‍ 19 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സാണ് ഷാരൂഖ് ഖാന്റെ സമ്പാദ്യം.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സുതര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയ്കുമാര്‍.

Content Highlight: IPL 2024: RCB vs GT: Gujarat Titans scored lowest total in powerplay this season

We use cookies to give you the best possible experience. Learn more