ഐ.പി.എല്‍ 2024ലെ 52ാം മത്സരം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സലാണ് മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് 19.3 ഓവറില്‍ 147 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 24 പന്തില്‍ 37 റണ്‍സ് നേടിയ ഷാരൂഖ് ഖാനാണ് ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയും 20 പന്തില്‍ 30 റണ്‍സടിച്ച് ഡേവിഡ് മില്ലറുമാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
ആര്‍.സി.ബിക്കായി യാഷ് ദയാല്‍, വൈശാഖ് വിജയ്കുമാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീനും കരണ്‍ ശര്‍മയും ഓരോ വിക്കറ്റും നേടി. രണ്ട് ടൈറ്റന്‍സ് താരങ്ങള്‍ റണ്‍ ഔട്ടായി.
148 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബിക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേയില്‍ 92 റണ്‍സാണ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും വിരാടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇതില്‍ സിംഹഭാഗവും പിറന്നത് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നുമാണ്.
നേരിട്ട 18ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഫാഫ് 23 പന്തില്‍ 64 റണ്‍സ് നേടിയാണ് മടങ്ങിയത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
ഇതിന് പിന്നാലെ രണ്ട് നേട്ടങ്ങളാണ് ഫാഫിനെ തേടിയെത്തിയത്.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഫാഫ് തിളങ്ങിയത്. 17 പന്തില്‍ 50 പൂര്‍ത്തിയാക്കിയ ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.
ഐ.പി.എല്ലില്‍ റോല്‍ ചലഞ്ചേഴ്‌സിനായി വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം
(താരം – അര്‍ധ സെഞ്ച്വറി നേടാനെടുത്ത പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 17 – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2013
ഫാഫ് ഡു പ്ലെസി* – 18 – ഗുജറാത്ത് ടൈറ്റന്‍സ് – 2024
രജത് പാടിദാര്‍ – 19 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2024
റോബിന്‍ ഉത്തപ്പ – 19 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2010
ഇതിന് പുറമെ പവര്‍പ്ലേയില്‍ ആര്‍.സി.ബിക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഗെയ്‌ലിനെ മറികടന്ന് ഒന്നാമതെത്താനും ഫാഫ് ഡു പ്ലെസിക്കായി.
പവര്‍പ്ലേയില്‍ ആര്‍.സി.ബിക്കായി ഏറ്റവുമധികം റണ്‍സ് നേടിയതാരം
(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഫാഫ് ഡു പ്ലെസി – 64 – ഗുജറാത്ത് ടൈറ്റന്‍സ് – 2024
ക്രിസ് ഗെയ്ല്‍ – 50 – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2012
ക്രിസ് ഗെയ്ല്‍ – 50 – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2013
ക്രിസ് ഗെയ്ല്‍ – 50 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2015
Content Highlight: IPL 2024: RCB vs GT: Faf du Plessis with several records