| Saturday, 18th May 2024, 10:16 pm

ക്രിസ് ഗെയ്‌ലിനെ സാക്ഷിയാക്കി വിരാട് നേടിയത് ഗെയ്ല്‍ കയ്യടക്കിവെച്ച കുത്തക റെക്കോഡ്; കരീബിയന്‍ സ്‌റ്റോമിനൊപ്പം ഇനി ഇന്ത്യന്‍ സ്റ്റോമും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്. ഈ സീസണില്‍ പ്ലേ ഓഫ് കളിക്കുന്ന നാലാം ടീമിനെ തീരുമാനിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ആര്‍.സിബി നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ അര്‍ധ സെഞ്ച്വറിയും വിരാട് കോഹ്‌ലി, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഫാഫ് 39 പന്തില്‍ 54 റണ്‍സ് നേടി. വിരാട് 29 പന്തില്‍ 47 റണ്‍സടിച്ചപ്പോള്‍ പാടിദാര്‍ 23 പന്തില്‍ 41 റണ്‍സും ഗ്രീന്‍ 17 പന്തില്‍ പുറത്താകാതെ 38 റണ്‍സും നേടി.

ദിനേഷ് കാര്‍ത്തിക്കിന്റെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും സൂപ്പര്‍ കാമിയോകളും ടീമിന് തുണയായി.

ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് കോഹ്‌ലി നേടിയത്. സീസണില്‍ 700 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായാണ് വിരാട് കയ്യടി നേടിയത്.

14 മത്സരത്തില്‍ നിന്നും 64.36 എന്ന തകര്‍പ്പന്‍ ശരാശരിയിലും 155.60 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 708 റണ്‍സാണ് സീസണിലിതുവരെ വിരാട് സ്വന്തമാക്കിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടങ്ങുന്നതാണ് വിരാടിന്റെ റണ്‍വേട്ട.

ഇതിന് പുറമെ മറ്റൊരു നേട്ടവും വിരാട് സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സീസണുകളില്‍ 700+ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്.

ഈ സീസണിന് പുറമെ 2016ലാണ് വിരാട് 700 റണ്‍സ് മാര്‍ക് പിന്നിട്ടത്. അന്ന് നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമടക്കം 973 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് താരമാണ് വിരാട്. വിരാടിന്റെ സഹതാരവും ആര്‍.സി.ബി ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. 2012ലും (733 റണ്‍സ്) 2013ലും (708 റണ്‍സ്) ആണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സ്‌റ്റേഡിയത്തിലെത്തിയ ക്രിസ് ഗെയ്‌ലിനെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു വിരാട് കരീബിയന്‍ സൂപ്പര്‍ താരത്തിന്റെ റെക്കോഡിനൊപ്പമെത്തിയത്.

ഏറ്റവുമധികം തവണ ഒരു സീസണില്‍ 700+ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 2 തവണ

ക്രിസ് ഗെയ്ല്‍ – 2 തവണ

ശുഭ്മന്‍ ഗില്‍ – ഒരു തവണ

ജോസ് ബട്‌ലര്‍ – ഒരു തവണ

ഡേവിഡ് വാര്‍ണര്‍ – ഒരു തവണ

കെയ്ന്‍ വില്യംസണ്‍ – ഒരു തവണ

മൈക്കല്‍ ഹസി – ഒരു തവണ

ഫാഫ് ഡു പ്ലെസി – ഒരു തവണ

അതേസമയം, മത്സരത്തില്‍ ചെന്നൈക്കായി ഷദര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, യാഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, സിമര്‍ജീത് സിങ്.

Content Highlight: IPL 2024: RCB vs CSK: Virat Kohli equals Chris Gayle’s record

We use cookies to give you the best possible experience. Learn more