| Saturday, 18th May 2024, 9:32 pm

അയാള്‍ സ്വയം വെല്ലുവിളിക്കുകയാണ്; ആദ്യ മൂന്ന് സീസണില്‍ ഒറ്റയൊന്നുപോലുമില്ല, എന്നാല്‍ ഇപ്പോള്‍ അടിച്ചുകൂട്ടിയത് ആകാശം തൊട്ട 20 എണ്ണം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 68ാം മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടരുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ബോയ്‌സായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ഫാഫും സംഘവും കളത്തിലിറങ്ങിയത്. ആദ്യ ഓവറില്‍ പിഴച്ചെങ്കിലും രണ്ട്, മൂന്ന് ഓവറുകളില്‍ വിരാടും ഫാഫും ചേര്‍ന്ന് തകര്‍ത്തടിച്ചു. മൂന്ന് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 31 എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തി.

മഴമാറി മത്സരം പുനരാരംഭിച്ചതിന് പിന്നാലെ സ്പിന്നര്‍മാരെ കളത്തിലിറക്കി ചെന്നൈ ബെംഗളൂരുവിനെ പിടിച്ചുകെട്ടി. ആദ്യ മൂന്ന് ഓവറില്‍ 31 റണ്‍സടിച്ച ബെംഗളൂരുവിന് അടുത്ത മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

പക്ഷേ പവര്‍പ്ലേക്ക് ശേഷം വിരാടും ഫാഫും ചേര്‍ന്ന് സ്പിന്നര്‍മാരെയും തല്ലിയൊതുക്കി.

അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെയാണ് വിരാട് കോഹ് ലിയുടെ വിക്കറ്റ് ആര്‍.സി.ബിക്ക് നഷ്ടമായത്. 29 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ബൗണ്ടറി ലൈനിന് സമീപം ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

സീസണില്‍ പവര്‍പ്ലേയില്‍ നിന്ന് മാത്രമായി വിരാട് 20 സിക്‌സറാണ് അടിച്ചുകൂട്ടിയത്. മറ്റ് ആര്‍.സി.ബി ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് 20 സിക്‌സറാണ് ആദ്യ ആറ് ഓവറുകളില്‍ സ്വന്തമാക്കിയതെന്നറിയുമ്പോഴാണ് വിരാടിന്റെ ഡോമിനന്‍സ് മനസിലാവുക.

തന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ പവര്‍പ്ലേയില്‍ ഏറ്റവും മികച്ച പ്രകടനമാണ് താരം ഈ സീസണില്‍ പുറത്തെടുത്തത്.

ഓരോ സീസണിലെയും പവര്‍പ്ലേയില്‍ (ആദ്യ ആറ് ഓവറില്‍) വിരാട് നേടിയ സിക്‌സറുകള്‍

(സീസണ്‍ – സിക്‌സര്‍ എന്നീ ക്രമത്തില്‍)

2008 – 0

2009 – 0

2010 – 0

2011 – 1

2012 – 0

2013 – 3

2014 – 0

2015 – 9

2016 – 6

2017 – 5

2018 – 6

2019 – 5

2020 – 0

2021 – 5

2022 – 3

2023 – 4

2024 – 20*

(ഐ.പി.എല്‍ കരിയറിന്റെ തുടക്കത്തില്‍ മിഡില്‍ ഓര്‍ഡറിലാണ് വിരാട് ബാറ്റ് ചെയ്തിരുന്നത്)

അതേസമയം, നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 132ന് രണ്ട് എന്ന നിലയിലാണ് ആര്‍.സി.ബി. വിരാടിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്. 39 പന്തില്‍ 54 റണ്‍സ് നേടി നില്‍ക്കവെ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.

13 പന്തില്‍ 22 റണ്‍സുമായി രജത് പാടിദാറും മൂന്ന് പന്തില്‍ ആറ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, യാഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, സിമര്‍ജീത് സിങ്.

Content highlight: IPL 2024: RCB vs CSK: Virat Kohli completed 20 sixes in powerplay

We use cookies to give you the best possible experience. Learn more