ഐ.പി.എല്‍ 2024നെ തന്നെ ഡിഫൈന്‍ ചെയ്യുന്ന പോരാട്ടത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രണം അല്ലെങ്കില്‍ മരണം എന്നുറപ്പിച്ച് രണ്ട് ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ന് വിരുന്നൊരുങ്ങും.
പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും കളത്തിലിറങ്ങുന്നത്. കടലാസിലെ കണക്കുകളില്‍ ഇരു ടീമിനും സാധ്യതകള്‍ തുല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്‌സിനാണ് മേല്‍ക്കൈയുള്ളത്.
13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. 13 മത്സരത്തില്‍ നിന്നും ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈക്കൊപ്പമെത്താന്‍ ആര്‍.സി.ബിക്ക് സാധിക്കും. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ അത് മതിയാകില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഋതുരാജിന്റെ ധോണിപ്പട ഉയര്‍ത്തുന്ന വിജയലക്ഷ്യം 18 ഓവറില്‍ ആര്‍.സി.ബി മറികടക്കണം. ഇനി അഥവാ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 18 റണ്‍സകലെ പ്ലേ ബോള്‍ഡ് ടീം എതിരാളികളെ തളച്ചിടണം.
ചെന്നൈക്കാകട്ടെ ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രം മതി. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ചെന്നൈക്കാകും. ഇനി മഴയെടുത്ത് മത്സരം ഒഴിവാക്കിയാലും കാര്യങ്ങള്‍ സൂപ്പര്‍ കിങ്‌സിന് അനുകൂലമാകും. എങ്കിലും ഈ മത്സരത്തില്‍ വിജയിച്ച് ഒന്നാം ക്വാളിഫയര്‍ കളിക്കാന്‍ തന്നെയാകും സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നത്.
ഈ മത്സരത്തില്‍ ആര്‍.സി.ബി പ്രതീക്ഷയര്‍പ്പിക്കുന്നത് വിരാട് കോഹ്‌ലിയില്‍ തന്നെയാണ്. ഈ 18ാം നമ്പറുകാരന്റെ കയ്യിലായിരിക്കും റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാവി എന്നുറപ്പാണ്.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിന്റെ പടി വാതില്‍ക്കലെത്തി നില്‍ക്കുന്നത്. ആദ്യ എട്ട് മത്സരത്തില്‍ ഒന്നില്‍ മാത്രം വിജയിച്ച് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍.സി.ബി തലകുനിച്ചുനിന്നത്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാണ് ആര്‍.സി.ബി ആരാധകരെയും എതിരാളികളെയും ഒന്നിച്ച് ഞെട്ടിച്ചത്.
അതേസമയം, കഴിഞ്ഞ അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ചെന്നൈക്കുള്ളത്. സൂപ്പര്‍ പേസര്‍മാരുടെ അഭാവവും ചെന്നൈയെ അലട്ടുന്നുണ്ട്.
ഇത് മുതലെടുക്കാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനുമായാല്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ആര്‍.സി.ബിക്ക് സാധിക്കും. ഇതിന് അതിനായില്ലെങ്കില്‍ ആദ്യ കിരീടമെന്ന സ്വപ്‌നം 18ാം സീസണില്‍ ടീമിന് വീണ്ടും കണ്ടുതുടങ്ങേണ്ടി വരും.
Content Highlight: IPL 2024: RCB vs CSK: Crucial match for both of the teams