| Saturday, 18th May 2024, 7:23 pm

സന്തോഷവാര്‍ത്ത, ആവേശം വാനോളം; കൊല്ലാനും ചാവാനും ഒരുങ്ങി ഫാഫിന്റെ കോഹ്‌ലിപ്പടയും ഋതുരാജിന്റെ ധോണിപ്പടയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 68ാം മത്സരത്തിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികള്‍.

മഴമൂലം മത്സരം പൂര്‍ണമായും തടസ്സപ്പെട്ടേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും നിലവില്‍ അന്തരീക്ഷം ശാന്തമാണ്. ക്ലാസിക് പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഒരിക്കലും പാഴായില്ല. ധോണിയെയും വിരാട് കോഹ്‌ലിയെയും ഒരിക്കല്‍ക്കൂടി കളത്തില്‍ കാണാമെന്ന സന്തോഷത്തിലും ആവേശത്തിലുമാണ് ആരാധകര്‍.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് ഹോം ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും കളത്തിലിറങ്ങുന്നത്. കടലാസിലെ കണക്കുകളില്‍ ഇരു ടീമിനും സാധ്യതകള്‍ തുല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്സിനാണ് മേല്‍ക്കൈയുള്ളത്. രണം അല്ലെങ്കില്‍ മരണം എന്ന മാനസികാവസ്ഥയായിരിക്കും ഇരുവര്‍ക്കുമുള്ളത്.

13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. 13 മത്സരത്തില്‍ നിന്നും ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി.

ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈക്കൊപ്പമെത്താന്‍ ആര്‍.സി.ബിക്ക് സാധിക്കും. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ അത് മാത്രം മതിയാകില്ല.

ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഋതുരാജിന്റെ ധോണിപ്പട ഉയര്‍ത്തുന്ന വിജയലക്ഷ്യം 18 ഓവറില്‍ ആര്‍.സി.ബി മറികടക്കണം. ഇനി അഥവാ റോയല്‍ ചലഞ്ചേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 18 റണ്‍സകലെ പ്ലേ ബോള്‍ഡ് ടീം എതിരാളികളെ തളച്ചിടണം.

ചെന്നൈക്കാകട്ടെ ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രം മതി. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ചെന്നൈക്കാകും. ഇനി മഴയെടുത്ത് മത്സരം ഒഴിവാക്കിയാലും കാര്യങ്ങള്‍ സൂപ്പര്‍ കിങ്സിന് അനുകൂലമാകും. എങ്കിലും ഈ മത്സരത്തില്‍ വിജയിച്ച് പ്ലേ ഓഫിന് മുമ്പ് മൊമെന്റം സ്വന്തമാക്കാന്‍ തന്നെയാകും സൂപ്പര്‍ കിങ്സ് ഒരുങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. മോയിന്‍ അലിയുടെ അഭാവത്തില്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിന്റെ ഭാഗമാകും. അതേസമയം, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഹോം ടീം കളത്തിലിറക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, യാഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, സിമര്‍ജീത് സിങ്.

Content highlight: IPL 2024: RCB vs CSK: Chennai Super Kings won the toss and elect to field first

We use cookies to give you the best possible experience. Learn more