പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് ഹോം ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും കളത്തിലിറങ്ങുന്നത്. കടലാസിലെ കണക്കുകളില്‍ ഇരു ടീമിനും സാധ്യതകള്‍ തുല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്സിനാണ് മേല്‍ക്കൈയുള്ളത്. രണം അല്ലെങ്കില്‍ മരണം എന്ന മാനസികാവസ്ഥയായിരിക്കും ഇരുവര്‍ക്കുമുള്ളത്.
13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. 13 മത്സരത്തില്‍ നിന്നും ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈക്കൊപ്പമെത്താന്‍ ആര്‍.സി.ബിക്ക് സാധിക്കും. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ അത് മാത്രം മതിയാകില്ല.
ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഋതുരാജിന്റെ ധോണിപ്പട ഉയര്‍ത്തുന്ന വിജയലക്ഷ്യം 18 ഓവറില്‍ ആര്‍.സി.ബി മറികടക്കണം. ഇനി അഥവാ റോയല്‍ ചലഞ്ചേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 18 റണ്‍സകലെ പ്ലേ ബോള്‍ഡ് ടീം എതിരാളികളെ തളച്ചിടണം.
ചെന്നൈക്കാകട്ടെ ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രം മതി. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ചെന്നൈക്കാകും. ഇനി മഴയെടുത്ത് മത്സരം ഒഴിവാക്കിയാലും കാര്യങ്ങള്‍ സൂപ്പര്‍ കിങ്സിന് അനുകൂലമാകും. എങ്കിലും ഈ മത്സരത്തില്‍ വിജയിച്ച് പ്ലേ ഓഫിന് മുമ്പ് മൊമെന്റം സ്വന്തമാക്കാന്‍ തന്നെയാകും സൂപ്പര്‍ കിങ്സ് ഒരുങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. മോയിന്‍ അലിയുടെ അഭാവത്തില്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിന്റെ ഭാഗമാകും. അതേസമയം, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഹോം ടീം കളത്തിലിറക്കുന്നത്.