| Monday, 13th May 2024, 6:21 pm

ജയത്തിന് പിന്നാലെ ജയം; കൊല്‍ക്കത്തയെയും രാജസ്ഥാനെയും അട്ടിമറിച്ച് സ്‌പെഷ്യല്‍ പട്ടികയില്‍ ബെംഗളൂരു ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

അസംഭവ്യമെന്ന് തോന്നിയ കാര്യങ്ങളാണ് ഐ.പി.എല്ലില്‍ നടന്നുകൊണ്ടിരിക്കുന്നത്. അനായാസം പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ച രാജസ്ഥാന്‍ റോയല്‍സ് ഒരു ജയത്തിനായി പാടുപെടുന്നതും പോയിന്റ് ടേബിളിന്റെ അടിത്തട്ടില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് വാതിലില്‍ തട്ടിവിളിക്കുന്നതുമെല്ലാമാണ് സീസണിലെ പ്രധാന കാഴ്ച. ഇതില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കുതിപ്പ് തന്നെയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ആദ്യ എട്ട് മത്സരത്തില്‍ ഒറ്റ ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തല കുനിച്ചുനിന്ന ആര്‍.സി.ബി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ശേഷം നടന്ന മത്സരങ്ങളില്‍ ഒന്ന് പോലും പരാജയപ്പെടാതെ മുമ്പോട്ട് കുതിച്ചാണ് ഫാഫും സംഘവും എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്.

മെയ് 18ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന ഈ മത്സരമായിരിക്കും പ്ലേ ഓഫില്‍ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കുക.

ഒന്നിന് പിന്നാലെ ഒന്നായി മത്സരങ്ങള്‍ വിജയിച്ചാണ് ആര്‍.സി.ബി ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

ഏപ്രില്‍ 25ന് കരുത്തരായ സണ്‍റൈസേഴ്‌സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിക്കൊണ്ടായിരുന്നു തുടക്കം. 35 റണ്‍സിനാണ് ആര്‍.സി.ബി മത്സരം സ്വന്തമാക്കിയത്. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ടീമിന് സാധിച്ചിരുന്നില്ല.

വില്‍ ജാക്‌സിന്റെ സെഞ്ച്വറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയ റോയല്‍ ചലഞ്ചേഴ്‌സ് തൊട്ടടുത്ത മത്സരത്തില്‍ ടൈറ്റന്‍സിനെ സ്വന്തം സ്‌റ്റേഡിയത്തിലിട്ടും പരാജയപ്പെടുത്തി.

പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകമായ ധര്‍മശാലയിലെത്തി 60 റണ്‍സിന് വീഴ്ത്തിയ ആര്‍.സി.ബി കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിനും തകര്‍ത്തുവിട്ടു. ഇതോടെ പോയിന്റ് ടേബിളില്‍ വലിയ മാറ്റമുണ്ടാക്കാനും ബെംഗളൂരുവിനായി.

ഇതോടെ ഒരു നേട്ടവും ടീമിനെ തേടിയെത്തി. സീസണില്‍ ഏറ്റവുമധികം തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

സീസണില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീമുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5*

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 4*

രാജസ്ഥാന്‍ റോയല്‍സ് – 4

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 3

മെയ് 18ന് ചിന്നസ്വാമിയില്‍ ചെന്നൈയെ പരാജയപ്പെടുത്തി ഫാഫിന്റെ ചെമ്പട ആറാം വിജയം സ്വന്തമാക്കി പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യുന്ന കാഴ്ചക്കാണ് പ്ലേ ബോള്‍ഡ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: IPL 2024: RCB is the team with most consecutive matches

We use cookies to give you the best possible experience. Learn more