ഐ.പി.എല്ലില്‍ തങ്ങളുടെ 250ാം മത്സരത്തില്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് ഫാഫും സംഘവും സീസണിലെ രണ്ടാം വിജയം ആഘോഷിച്ചത്.
35 റണ്‍സിനാണ് ടീം പ്ലേ ബോള്‍ഡ് ഓറഞ്ച് ആര്‍മിയെ ചുരുട്ടിക്കെട്ടിയത്.
ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെയും രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ നേടിയത്.
20 പന്ത് നേരിട്ട് അഞ്ച് സിക്സറും രണ്ട് ഫോറും അടക്കം 50 റണ്‍സിന്റെ വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ 43 പന്തില്‍ 51 റണ്‍സുമായി വിരാട് സെന്‍സിബിള്‍ ഇന്നിങ്സും കളിച്ചു.
വിരാടിനും പാടിദാറിനും പുറമെ കാമറൂണ്‍ ഗ്രീനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താകാതെ 37 റണ്‍സാണ് താരം നേടിയത്.
സണ്‍റൈസേഴ്സിനായി ജയ്ദേവ് ഉനദ്കട് മൂന്ന് വിക്കറ്റുമായി തിളങ്ങി. ടി. നടരാജന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സും മായങ്ക് മാര്‍ക്കണ്ഡേയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍ഡറൈസേഴ്‌സിനെ ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ ഞെട്ടിച്ചു. സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചത്.
നാലാം ഓവറില്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയ ബെംഗളൂരു അഞ്ചാം ഓവറില്‍ ഏയ്ഡന്‍ മര്‍ക്രമിനെയും ഹെന്റിക് ക്ലാസനെയും മടക്കി.
സീസണില്‍ ഇതാദ്യമായാണ് പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് ഓറഞ്ച് ആര്‍മിയുടെ ആദ്യ നാല് വിക്കറ്റുകളും നിലം പൊത്തുന്നത്.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ആര്‍.സി.ബി എതിരാളികളെ വരിഞ്ഞുമുറുക്കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്‌സിനായി കാമറൂൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ, സ്വപ്‌നില്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ യാഷ് ദയാലും വില്‍ ജാക്‌സും ഓരോ വിക്കറ്റും നേടി.
ഐ.പി.എല്‍ പേ ബാക്ക് വീക്കില്‍ തിരിച്ചടിക്കുന്ന ആദ്യ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് എതിരാളികളുടെ ഹോം സ്‌റ്റേഡിയത്തിലെത്തി അവരുടെ കാണികള്‍ക്ക് മുമ്പില്‍ വെച്ച് തന്നെ പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി വിജയം റോയലാക്കിയത്.
നേരത്തെ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും ഗുജറാത്ത് ടൈറ്റന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനോടും ഹോം സ്‌റ്റേഡിയത്തിലും എവേ സ്‌റ്റേഡിയത്തിലും പരാജയമേറ്റുവാങ്ങിയിരുന്നു.
അതേസമയം, മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം തന്നെയാണ് ആര്‍.സി.ബിക്കുള്ളത്. ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഏഴ് തോല്‍വിയുമായി നാല് പോയിന്റാണ് ടീമിനുള്ളത്.
എപ്രില്‍ 28നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലെത്തിയാണ് ആര്‍.സി.ബി നേരിടുന്നത്.
Content Highlight: IPL 2024: RCB defeats SRH