| Saturday, 23rd March 2024, 10:37 pm

പഴയ ക്യാപ്റ്റനെതിരെ ഗുജറാത്ത് തങ്ങളുടെ വജ്രായുധത്തെ കളത്തിലിറക്കും, സിക്‌സറുകള്‍ പറക്കും; സൂപ്പര്‍ താരത്തിന്റെ ബാറ്റിങ് വീഡിയോ വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 202ല്‍ മാര്‍ച്ച് 24ന് നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കെ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയ ഹര്‍ദിക്, മുംബൈയെ നയിക്കുന്ന ആദ്യ മത്സരമാണിത്. മുംബൈ ഇന്ത്യന്‍സിന്റെ നായകനാകുന്ന സമ്മര്‍ദത്തിനൊപ്പം തന്റെ പഴയ ടീമിനെതിരെ പഴയ ഹോം സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ സമ്മര്‍ദവും ഹര്‍ദിക് പാണ്ഡ്യക്ക് മറികടക്കാനുണ്ടാകും.

ഹോം ക്രൗഡിന് മുമ്പില്‍ വിജയത്തോടെ സീസണ്‍ ആരംഭിക്കുക എന്ന ഏക ലക്ഷ്യമായിരിക്കും ടൈറ്റന്‍സിനുണ്ടാവുക. ശുഭ്മന്‍ ഗില്ലിന്റെ കീഴിലാണ് ടൈറ്റന്‍സ് ആദ്യ അങ്കത്തിനിറങ്ങുന്നത്. ഐ.പി.എല്‍ 2024ലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഗില്‍.

മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ തന്റെയും ടീമിന്റെയും സകല ശക്തിയും ഉപയോഗിക്കുമെന്നുറപ്പാണ്. ഇത്തരത്തില്‍ മത്സരത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള സൂപ്പര്‍ താരത്തിന്റെ പ്രാക്ടീസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. അഫ്ഗാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്റെ നെറ്റ് സെഷനിന്റെ വീഡിയോ ആണ് ടൈറ്റന്‍സ് പങ്കുവെച്ചിരിക്കുന്നത്.

എണ്ണം പറഞ്ഞ ക്ലാസിക് ഷോട്ടുകളും അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളും കളിക്കുന്ന റാഷിദിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നോ ലുക് സിക്‌സറുകളും ഹെലികോപ്റ്റര്‍ ഷോട്ടും സ്‌നേക്ക് ഷോട്ടുമായി ബാറ്റിങ്ങില്‍ മുംബൈ നിരയ്ക്ക് മേല്‍ വിനാശം വിതയ്ക്കാന്‍ ഒരുങ്ങുകയാണ് റാഷിദ്.

ഇതേ പ്രകടനം കളത്തിലും കാഴ്ചവെക്കാനാണ് ആരാധകരും റാഷിദിനോടാവശ്യപ്പെടുന്നത്. ഹര്‍ദിക് പാണ്ഡ്യ പന്തെറിയാനെത്തുമ്പോള്‍ ഇങ്ങനെ തന്നെ അടിച്ച് പറത്തണമെന്നും ക്യാപ്റ്റനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങണമെന്നുമെല്ലാം ആരാധകര്‍ കമന്റില്‍ പറയുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യ ടീം വിട്ടതില്‍ ആരാധകര്‍ എത്രത്തോളം നിരാശരാണ് എന്നതും കമന്റ് ബോക്‌സ് വ്യക്തമാക്കുന്നു.

ഞായറാഴ്ച രണ്ട് മത്സരങ്ങളാണ് നടക്കാനുള്ളത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. 7.30നാണ് മുംബൈ – ഗുജറാത്ത് മത്സരം.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, അന്‍ഷുല്‍ കാംബോജ്, ഡെവാള്‍ഡ് ബ്രെവിസ്, ജെറാള്‍ഡ് കോട്‌സി, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മുഹമ്മദ് നബി, നമന്‍ ധിര്‍, നേഹല്‍ വധേര, റൊമാരിയോ ഷെപ്പേര്‍ഡ്, ഷാംസ് മുലാനി, ശിവാലിക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ആകാശ് മധ്വാള്‍, ദില്‍ഷന്‍ മധുശങ്ക, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, ക്വേന മഫാക്ക, ലൂക് വുഡ്, നുവാന്‍ തുഷാര, പീയൂഷ് ചൗള, ശ്രേയസ് ഗോപാല്‍.

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്

അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, അസ്മുത്തുള്ള ഒമര്‍സായ്, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, വിജയ് ശങ്കര്‍, ബി.ആര്‍. ശരത് (വിക്കറ്റ് കീപ്പര്‍), റോബിന്‍ മിന്‍സ് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ജയന്ത് യാദവ്, ജോഷ്വ ലിറ്റില്‍, കാര്‍ത്തിക് ത്യാഗി, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, സന്ദീപ് വാര്യര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സുശാന്ത് മിശ്ര, ഉമേഷ് യാദവ്.

Content Highlight: IPL 2024: Rashid Khan’s practice video goes viral

We use cookies to give you the best possible experience. Learn more