| Wednesday, 13th March 2024, 9:53 am

പത്ത് ദിവസം ബാക്കി, അപ്പോള്‍ കുറച്ച് പത്തിന്റെ കണക്കായാലോ... ധോണിയും കോഹ്‌ലിയും കൊല്‍ക്കത്തയും പിന്നെ ഐ.പി.എല്ലും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന് കൊടിയേറാന്‍ ഇനി പത്ത് ദിവസത്തിന്റെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2024ന് തുടക്കമാകുന്നത്.

ചെന്നൈയുടെ കളിത്തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലാണ് ആവേശകരമായ സതേണ്‍ ഡാര്‍ബിക്ക് കളമൊരുങ്ങുന്നത്.

ഐ.പി.എല്ലിന് ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ‘പത്ത്’ എന്ന നമ്പറില്‍ പ്രശസ്തമായ ചില റെക്കോഡുകള്‍ പരിശോധിക്കാം.

➤ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഫൈനല്‍ കളിച്ച ടീം – ചെന്നൈ സൂപ്പര്‍ കിങ്‌സ്.

2008, 2010*, 2011*, 2012, 2013, 2015, 2018*, 2019, 2021*, 2023 വര്‍ഷങ്ങളിലാണ് ചെന്നൈ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിച്ചത്. (* കിരീടം നേടിയ വര്‍ഷം)

➤ ഐ.പി.എല്ലില്‍ ക്യാപ്റ്റന്റെ റോളില്‍ ഏറ്റവുമധികം ഫൈനല്‍ കളിച്ച താരം – എം.എസ്. ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ച വര്‍ഷങ്ങളില്‍ തന്നെയാണ് ധോണിയുടെ പേരിലും ഈ നേട്ടം പിറവിയെടുത്തത്. കഴിഞ്ഞ സീസണിലാണ് ധോണി അവസാനമായി ക്യാപ്റ്റന്റെ റോളില്‍ ഫൈനലില്‍ പ്രവേശിച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്തിനെ തോല്‍പിച്ച് ചെന്നൈയും ധോണിയും കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.

2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഫൈനല്‍ കളിച്ചെങ്കിലും സ്റ്റീവ് സ്മിത്തിന് കീഴിലാണ് സീസണില്‍ താരമിറങ്ങിയത്.

➤ ഏറ്റവുമധികം തവണ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് – വിരാട് കോഹ്‌ലി & എ.ബി. ഡി വില്ലിയേഴ്‌സ് (10 തവണ)

➤ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളിലെ വിജയം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പത്ത് മത്സരങ്ങള്‍

രണ്ട് സീസണുകളിലായാണ് കെ.കെ.ആറിന്റെ ഈ നേട്ടം പിറവിയെടുത്തത്. രണ്ടാം കിരീടം നേടിയ 2014ല്‍ തുടര്‍ച്ചയായ ഒമ്പത് മത്സരം ജയിച്ച കൊല്‍ക്കത്ത 2015ലെ ആദ്യ മത്സരവും വിജയിച്ചു.

സീണിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് കെ.കെ.ആറിന്റെ അപരാജിത കുതിപ്പിന് വിരാമമായത്.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി – വിരാട് കോഹ് ലി vs ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) – 10 തവണ

Content highlight: IPL 2024; Random IPL records

We use cookies to give you the best possible experience. Learn more