ഐ.പി.എല്‍ 2024ലെ 24ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍.
സീസണിലെ അഞ്ചാം മത്സരത്തിനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. ഐ.പി.എല്‍ 2024ല്‍ ഇതുവരെ പരാജയപ്പെടാത്ത ഏക ടീം എന്ന നേട്ടത്തോടെയാണ് ടൈറ്റന്‍സിനെ സ്വന്തം കോട്ടയില്‍ നേരിടാന്‍ രാജസ്ഥാന്‍ ഒരുങ്ങുന്നത്.
നിലവില്‍ നാല് മത്സരത്തില്‍ നാലിലും വിജയിച്ച് എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി നാല് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ടൈറ്റന്‍സ്. സീസണിന്റെ തുടക്കത്തില്‍ വെച്ചുപുലര്‍ത്തിയ ആധിപത്യവും ടീം സ്പിരിറ്റും പതിയെ ഇല്ലാതാകുന്നതാണ് ടൈറ്റന്‍സിന് തിരിച്ചടിയാകുന്നത്.
ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച ഗുജറാത്ത് രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് ഏഴ് വിക്കറ്റിന് വിജയിച്ച മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തം തട്ടകത്തില്‍ പഞ്ചാബിനോടും എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ ലഖ്‌നൗവിനോടും പരാജയപ്പെട്ടു.
രാജസ്ഥാനെതിരെ ജയിച്ച് ഒരു മികച്ച തിരിച്ചുവരവിനാണ് ടൈറ്റന്‍സ് ഒരുങ്ങുന്നത്.
ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുന്‍തൂക്കം രാജസ്ഥാന് തന്നെയാണെങ്കിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്താണ് മിക്കപ്പോഴും വിജയിച്ചുകയറിയത്.
ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് രാജസ്ഥാനും ഗുജറാത്തും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ നാല് മത്സരങ്ങളില്‍ ടൈറ്റന്‍സ് വിജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് സഞ്ജുവിന് വിജയിക്കാന്‍ സാധിച്ചത്.
2022ല്‍ ഗ്രൂപ്പ് ഘട്ടത്തിലും പ്ലേ ഓഫിലും രാജസ്ഥാനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ആദ്യമായി രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ച രാജസ്ഥാനെ സീസണില്‍ മൂന്നാം തവണയും ടൈറ്റന്‍സ് പരാജയപ്പെടുത്തി.
അടുത്ത സീസണില്‍ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തിലും ടൈറ്റന്‍സ് സഞ്ജുവിനെയും സംഘത്തെയും പരാജയപ്പെടുത്തിയിരുന്നു.
2023ല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ഷിംറോണ്‍
ഹെറ്റ്മെയറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
ഈ അഞ്ച് മത്സരത്തിലും ക്യാപ്റ്റനായി ഹര്‍ദിക് ടൈറ്റന്‍സിനൊപ്പമുണ്ടായിരുന്നു. ഇത്തവണ ഹര്‍ദിക്കില്ലാതെ രാജസ്ഥാനെതിരായ ആദ്യ മത്സരത്തിനാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്.
Content Highlight: IPL 2024: Rajasthan Royals to face Gujarat Titans