ഐ.പി.എല്‍ 2024നായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മാര്‍ച്ച് 22നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. കിരീടം നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൈവിട്ട കിരീടം തിരിച്ചെടുക്കാനാണ് മുംബൈയും രാജസ്ഥാനും അടക്കമുള്ള ടീമുകള്‍ കളത്തിലിറങ്ങുന്നത്.
ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനിയാണ് രാജസ്ഥാന്‍ റോയല്‍സ്. 2022ല്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനുറച്ചാണ് പിങ്ക് ആര്‍മി ഇറങ്ങുന്നത്.
ഐ.പി.എല്‍ സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. കളത്തിനകത്തും പുറത്തും രസകരമായ പ്രവൃത്തികള്‍ കൊണ്ടും ബാന്ററുകള്‍ കൊണ്ടും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട യൂസ്വേന്ദ്ര ചഹലിന്റെ വീഡിയോയാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
പുതിയ സീസണില്‍ താന്‍ ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നും ജോസ് ബട്‌ലര്‍ ഇത്തവണ ഇംപാക്ട് പ്ലെയറാകുമെന്നുമാണ് ചഹല്‍ പറയുന്നത്.
‘പെര്‍ഫെക്ട്. ഈ വര്‍ഷം ജോസ് ഭായി (ജോസ് ബട്‌ലര്‍) ഇംപാക്ട് പ്ലെയറാകും. ഞാനാണ് ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ആറ് ഓവറില്‍ 120 റണ്‍സ് ഞാന്‍ സ്വന്തമാക്കും,’ ചഹല്‍ തമാശപൂര്‍വം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഇംപാക്ട് പ്ലെയര്‍ റൂള്‍ കൊണ്ടുവന്നതിന് പിന്നാലെ ഒറ്റ മത്സരത്തില്‍ പോലും ബാറ്റിങ്ങിനിറങ്ങാന്‍ ചഹലിന് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് യൂസി ‘ഓപ്പണറാകാന്‍ ഒരുങ്ങുന്നത്’.
ഐ.പി.എല്‍ 2023ല്‍ ബാറ്റെടുക്കാന്‍ സാധിച്ചില്ലെങ്കിലും പന്തുകൊണ്ട് മായാജാലം കാണിക്കാന്‍ ചഹലിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് രാജസ്ഥാന്‍ ലെഗ്ഗി ചരിത്രമെഴുതിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രോവോയെ മറികടന്നാണ് ചഹല്‍ റെക്കോഡിട്ടത്.
കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും 21 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 20.57 എന്ന ശരാശരിയിലും 15.09 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ചഹല്‍ പന്തെറിഞ്ഞത്.
ഇതിന് പിന്നാലെയാണ് ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടത്തിലേക്ക് ചഹലെത്തിയത്. 187 വിക്കറ്റാണ് രാജസ്ഥാന്‍ ഏയ്‌സ് സ്വന്തമാക്കിയത്. 144 ഇന്നിങ്‌സില്‍ നിന്നും ചഹല്‍ 187 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 158 ഇന്നിങ്‌സില്‍ നിന്നും 183 വിക്കറ്റാണ് രണ്ടാമതുള്ള ബ്രാവോക്കുള്ളത്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ചിരുന്നു. വിന്‍ഡീസ് കരുത്തന്‍ റോവ്മന്‍ പവലും പ്രോട്ടിയാസ് പേസര്‍ നാന്ദ്രേ ബര്‍ഗറിനും പുറമെ ആഭ്യന്തര തലത്തില്‍ തിളങ്ങിയ ശുഭം ദുബെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024
ബാറ്റര്‍
യശസ്വി ജെയ്സ്വാള്‍
ഷിംറോണ്‍ ഹെറ്റ്മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ
ഓള്‍ റൗണ്ടര്‍
ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്‌ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്മോര്‍*
ഡോണോവന്‍ ഫെരേര*
ബൗളര്‍മാര്‍
ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
പ്രസിദ്ധ് കൃഷ്ണ
നവ്ദീപ് സെയ്നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*
(* ഓവര്‍സീസ് താരങ്ങള്‍)
Content highlight: IPL 2024: Rajasthan Royals share funny video of Yuzvendra Chahal