ഐ.പി.എല്ലില്‍ തുടര്‍വിജയങ്ങളുമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കളിച്ച ഒമ്പത് മത്സരത്തില്‍ എട്ടിലും വിജയിച്ച് 16 പോയിന്റാണ് ടീം സ്വന്തമാക്കിയത്.
പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ പത്ത് പോയിന്റാണുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാള്‍ ആറ് പോയിന്റ് അധികമായിട്ടും രാജസ്ഥാന്‍ റോയല്‍സിന് എന്തുകൊണ്ട് പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിക്കുന്നില്ല എന്നതാണ് ആരാധകരുടെ സംശയം. മുമ്പില്‍ വന്ന എല്ലാവരെയും തോല്‍പിച്ചുവിട്ട രാജസ്ഥാന് പ്ലേ ഓഫ് യോഗ്യത നേടാന്‍ ഇനിയെന്ത് വേണമെന്നും ഇവര്‍ ചോദിക്കുന്നു.
ഇതിന് കാരണം ഒന്നുമാത്രമാണ്, പട്ടികയില്‍ അവസാന സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും 16 പോയിന്റ് നേടാന്‍ സാധിക്കും എന്നത് തന്നെ.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ മുംബൈക്ക് 16 പോയിന്റ് സ്വന്തമാക്കാം.
ഒമ്പതില്‍ മൂന്ന് ജയവുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന്റെ സ്ഥിതിയും ഇതുതന്നെയാണ്.
ഗുജറാത്ത് ടൈറ്റന്‍സിന് ഒന്നും ദല്‍ഹി ക്യാപ്പിറ്റല്‍സിന് രണ്ടും മത്സരങ്ങള്‍ പരാജയപ്പെട്ടാല്‍ 16 പോയിന്റ് എന്ന മാര്‍ക്കിലെത്താന്‍ സാധിക്കില്ല.
പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്ക് ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചാല്‍ ഇവര്‍ക്കും 16 പോയിന്റ് സ്വന്തമാക്കാം.
എന്നാല്‍ നിലവില്‍ 16 പോയിന്റ് സ്വന്തമായുള്ള രാജസ്ഥാന് ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ നിന്നും ഒറ്റ ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കും. അഞ്ചില്‍ അഞ്ചും പരാജയപ്പെട്ടാലും രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിക്കില്ല.
രാജസ്ഥാന്‍ റോയല്‍സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍
(ദിവസം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)
മെയ് 2 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഉപ്പല്‍, ഹൈദരാബാദ്
മെയ് 7 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ദല്‍ഹി
മെയ് 12 – ചെന്നൈ സൂപ്പര്‍ കിങ്സ് – എം.എ ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക്, ചെന്നൈ
മെയ് 15 – പഞ്ചാബ് കിങ്സ് – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി
മെയ് 19 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി
പത്ത് മത്സരത്തില്‍ നിന്നും ആറ് പോയിന്റുമായി അവസാന സ്ഥാനത്ത് നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിന് വരെ പ്ലേ ഓഫിന് സാധ്യതയുണ്ടെന്നതിനാല്‍ ഇത്തവണ പ്രവചനങ്ങള്‍ക്കൊന്നും സാധ്യതയില്ല.
Content Highlight: IPL 2024: Rajasthan Royals’ paly off qualification chances