| Tuesday, 12th March 2024, 1:21 pm

ഷമിക്ക് പിന്നാലെ അവനും ഐ.പി.എല്ലില്‍ നിന്ന് പുറത്ത്; സഞ്ജുവിന് കനത്ത തിരിച്ചടി, സീസണ്‍ പൂര്‍ണമായും നഷ്ടമാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024നൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. സൂപ്പര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പരിക്കാണ് ടീമിന് തലവേദനയാകുന്നത്. താരത്തിന് സീസണ്‍ പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രോക്‌സിമല്‍ ക്വാഡ്രിസെപ്‌സ് ടെന്‍ഡണ്‍ ശസ്ത്രക്രിയക്ക് പിന്നാലെ താരം വിശ്രമത്തിലാണ്. ഫെബ്രുവരി 23നാണ് പ്രസിദ്ധ് കൃഷ്ണ ശസ്ത്രക്രിയക്ക് വിധേയനായത്.

നിലവില്‍ രാജസ്ഥാന്‍ പേസര്‍ ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. താരം എന്‍.സി.എയില്‍ തുടരുമെന്നും ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സീസണിന് മുമ്പും താരത്തിന് പരിക്കേല്‍ക്കുകയും ഐ.പി.എല്‍ 2023 പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

2022 സീസണിലെ 17 മത്സരത്തില്‍ നിന്നും 29 ആവറേജില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. 8.29 എക്കോണമിയും 21.00 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതിന് മുമ്പും താരത്തിന് പരിക്കേറ്റിരുന്നു. പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം പ്രസിദ്ധ കൃഷ്ണക്ക് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു.

പ്രസിദ്ധ് കൃഷ്ണക്ക് പുറമെ സൂപ്പര്‍ താരം മുഹമ്മദ് ഷമിക്കും ഐ.പി.എല്‍ പൂര്‍ണമായും നഷ്ടപ്പെടും. ശസ്ത്രക്രിയക്ക് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഷമി ഇന്ത്യ – ബംഗ്ലാദേശ് ഹോം സീരീസില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍മാര്‍ക്ക് ഐ.പി.എല്‍ നഷ്ടമാകുന്നതിന്റെ നിരാശയിലാണ് ആരാധകര്‍. വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള സെലക്ഷനില്‍ ഐ.പി.എല്ലിലെ പ്രകടനം നിര്‍ണായകമാകുമെന്നത് തന്നെയാണ് ഈ നിരാശക്ക് കാരണം.

അതേസമയം, കാറപകടത്തില്‍ പരിക്കറ്റേ റിഷബ് പന്ത് ഏറെ നാളുകള്‍ക്ക് ശേഷം മൈതാനത്തേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്.

ബി.സി.സി.ഐ താരത്തിന് ക്ലിയറന്‍സ് നല്‍കി. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ പന്ത് തന്നെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content highlight: IPL 2024: Rajasthan Royals pacer Prasidh Krishna ruled out from the tournament due to injury

We use cookies to give you the best possible experience. Learn more