സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും ഇനി ട്രിപ്പിള്‍ സ്‌ട്രോങ്; പ്രസിദ്ധിന് പകരക്കാരന്‍ സൗത്ത് ആഫ്രിക്കയുടെ പടനായകന്‍
IPL
സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും ഇനി ട്രിപ്പിള്‍ സ്‌ട്രോങ്; പ്രസിദ്ധിന് പകരക്കാരന്‍ സൗത്ത് ആഫ്രിക്കയുടെ പടനായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 8:12 pm

 

പരിക്കിന് പിന്നാലെ സീസണ്‍ പൂര്‍ണമായും നഷ്ടപ്പെട്ട സൂപ്പര്‍ താരം പ്രസിദ്ധ് കൃഷ്ണക്ക് പകരക്കാരനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം കേശവ് മഹാരാജിനെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

50 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് പ്രോട്ടിയാസ് ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറെ സ്വന്തമാക്കിയത്.

 

എസ്.എ 20യില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ഫോര്‍ച്യൂണ്‍ ബാരിഷലിന്റെയും താരമാണ് മഹാരാജ്.

ടി-20യില്‍ 151 മത്സരം കളിച്ച താരം 130 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 28.38 ശരാശരിയിലും 6.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. 4/15 ആണ് താരത്തിന്റെ മികച്ച പ്രകടനം.

ഐ.പി.എല്ലില്‍ ഇതാദ്യമായാണ് മഹാരാജ് കളത്തിലിറങ്ങുന്നത്.

 

ഇതിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റിപ്ലേസ്‌മെന്റിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മുജീബ് ഉര്‍ റഹ്‌മാന് പകരം അള്ളാ ഘസന്‍ഫാറാണ് ടീമിന്റെ ഭാഗമാകുന്നത്.

അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 13 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും പത്ത് പന്തില്‍ എട്ട് റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ജോസ് ബടട്‌ലറുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിക്നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

Content highlight: IPL 2024: Rajasthan Royals announce Keshav Maharaj as Prasidh Krishna’s replacement