| Wednesday, 28th February 2024, 1:34 pm

ആറ് വിക്കറ്റ് കീപ്പര്‍മാര്‍, നാലിലധികം ക്യാപ്റ്റന്‍മാര്‍, എന്തിനും പോന്ന വെറ്ററനും; സഞ്ജുവിന് ഇത് സുവര്‍ണാവസരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരങ്ങളുടെ തേര്‍വാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ടീമില്‍ ഉള്‍പ്പെട്ട മൂന്ന് രാജസ്ഥാന്‍ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഓപ്പണറായി വെടിക്കെട്ട് നടത്തുന്ന, ഒരുപക്ഷേ പരമ്പരയുടെ തന്നെ താരമാകാന്‍ സാധ്യത കല്‍പിക്കുന്ന യശസ്വി ജെയ്‌സ്വാളും അപ്രതീക്ഷിത അരങ്ങേറ്റത്തില്‍ തന്നെ അടുത്ത മത്സരങ്ങളിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച പ്രകടനവുമായി ധ്രുവ് ജുറെലും എപ്പോഴുമെന്നത് പോലെ തന്റെ റോള്‍ ഗംഭീരമാക്കുന്ന ആര്‍. അശ്വിനും ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്.

എന്നാല്‍ കേവലം ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ മാത്രമല്ല, ആഭ്യന്തര മത്സരങ്ങളിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും പരമ്പരകളിലും മികച്ച പ്രകടനമാണ് രാജസ്ഥാന്‍ താരങ്ങള്‍ പുറത്തെടുക്കുന്നത്.

കഴിഞ്ഞ സീസണിലെ ടീമിനെ അപേക്ഷിച്ച് ഇത്തവണത്തെ ടീം കുറച്ചുകൂടി സ്റ്റേബിളാണ്. ഡിസംബറില്‍ നടന്ന താരലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. ഈ സ്‌ക്വാഡ് ഡെപ്ത് കാരണം വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനും സംഗക്കാരക്കും സഞ്ജുവിനുമാകും.

ആറ് വിക്കറ്റ് കീപ്പര്‍മാരാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും, ധ്രുവ് ജുറെലും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുമടക്കം രാജസ്ഥാന് മുമ്പില്‍ ഓപ്ഷനുകള്‍ നിരവധിയാണ്.

ഇതിന് പുറമെ വിവിധ ദേശീയ ടീമുകളെയും ഫ്രാഞ്ചൈസി ടീമുകളെയും നയിക്കുന്ന നാലിലധികം ക്യാപ്റ്റന്‍മാരും സ്‌ക്വാഡിന്റെ ഭാഗമാണ്. വിന്‍ഡീസ് സൂപ്പര്‍ താരവും വെടിക്കെട്ട് ബാറ്ററുമായ റോവ്മന്‍ പവലും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും ഫ്രാഞ്ചൈസി തലത്തില്‍ ഗള്‍ഫ് ജയന്റ്‌സ് നായകനായ ടോം കോലര്‍ കാഡ്‌മോറും അടക്കമുള്ള ഒരുപറ്റം നായകനിരയും രാജസ്ഥാനൊപ്പമുണ്ട്.

ഈ സൂപ്പര്‍ താരങ്ങളുടെ മിന്നുന്ന ഫോം ടീമിന് നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. നേരത്തെ ടോപ് ഓര്‍ഡറില്‍ ബട്‌ലറിനെയും ജെയ്‌സ്വാളിനെയും സഞ്ജുവിനെയും പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. മിഡില്‍ ഓര്‍ഡറില്‍ പവല്‍-ഹെറ്റ്‌മെയര്‍ കരിബീയന്‍ കൊടുങ്കാറ്റാണ് എതിരാളികളെ കാത്തിരിക്കുന്നത്. പിന്നാലെ ധ്രുവ് ജുറെലുമെത്തുമ്പോള്‍ ബാറ്റിങ് നിര ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണ്.

ട്രെന്റ് ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ പേസ് നിരയും ചഹലിന്റെ നേതൃത്വത്തില്‍ സ്പിന്‍ നിരയും ഇറങ്ങുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്ന മാസ്റ്റര്‍ ബ്രെയ്‌നിന്റെ കൂടുതല്‍ മൂര്‍ച്ചയേറിയ തന്ത്രങ്ങളെയും എതിരാളികള്‍ പേടിക്കണം.

ടീം സ്‌ട്രോങ്ങാണ്, സ്‌റ്റേബിളുമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കിരീടം നേടാന്‍ സാധ്യതകളും ഏറെയാണ്. അതിനാല്‍ തന്നെ ആരാധകര്‍ പിങ്ക് ആര്‍മിയില്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും വലുതാണ്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

ബാറ്റര്‍

യശസ്വി ജെയ്സ്വാള്‍
ഷിംറോണ്‍ ഹെറ്റ്മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ

ഓള്‍ റൗണ്ടര്‍

ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്‌ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്മോര്‍*
ഡോണോവന്‍ ഫെരേര*

ബൗളര്‍മാര്‍

ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
പ്രസിദ്ധ് കൃഷ്ണ
നവ്ദീപ് സെയ്നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*

(* ഓവര്‍സീസ് താരങ്ങള്‍)

അതേസമയം, മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍

vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 3.30 pm

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍ – 7.30 pm

vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – വുംബൈ വാംഖഡെ സ്റ്റേഡിയം – 7.30 pm

vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഏപ്രില്‍ 6 – ചിന്നസ്വാമി സ്റ്റേഡിയം – 7.30 pm

Content highlight: IPL 2024, Rajasthan Royal’s squad

We use cookies to give you the best possible experience. Learn more