ഹര്‍ദിക്കിന്റെ രക്ഷകനായി അശ്വിന്‍;
IPL
ഹര്‍ദിക്കിന്റെ രക്ഷകനായി അശ്വിന്‍; "സച്ചിന്‍ വരെ ഗാംഗുലിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്‌"
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 6:28 pm

 

മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തുകയും ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുകയും ചെയ്തതോടെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് ഹര്‍ദിക് പാണ്ഡ്യക്കെതിരെ ഉയരുന്നത്. മുംബൈ ഇന്ത്യന്‍സ് ആരാധകരടക്കം ഹര്‍ദിക്കിനെ വിമര്‍ശിച്ചും ട്രോളിയും രംഗത്തുവരുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ക്രൗഡ് ഒന്നടങ്കം താരത്തിനെ കൂവി വിളിച്ചിരുന്നു. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് റെക്കോഡ് സെറ്റിങ് ഇന്നിങ്‌സ് പുറത്തെടുക്കകയും മുംബൈ രണ്ടാം മത്സരത്തിലും പരാജയപ്പെടുകയും ചെയ്തതോടെ ഹര്‍ദിക്കിനെതിരായ ട്രോളുകളും ഇരട്ടിയായി.

ഇപ്പോള്‍ ഇത്തരത്തിലുള്ള ട്രോളുകളും ഫാന്‍ ഫൈറ്റുകളും നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആര്‍. അശ്വിന്‍.

 

മറ്റേതെങ്കിലും ടീമുകളുടെ ആരാധകര്‍ ഇത്തരത്തില്‍ ഫാന്‍ ഫൈറ്റുകള്‍ നടത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് അശ്വിന്‍ ആരാധകരോട് ചോദിച്ചു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്‍ രംഗത്തുവന്നത്.

‘മറ്റേതെങ്കിലും രാജ്യത്ത് ഇത് സംഭവിക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ജോ റൂട്ടിന്റെയും സാക് ക്രോളിയുടെയും ആരാധകര്‍ വഴക്കിടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതോ ജോ റൂട്ടിന്റെയും ജോസ് ബട്‌ലറിന്റെയും ആരാധകര്‍ ഇത്തരത്തില്‍ പോരടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? വളരെ മോശമാണിത്.

അതുമല്ല ഓസ്‌ട്രേലിയയില്‍ സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ആരാധകര്‍ വഴക്കിടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഞാന്‍ ഇത് മുമ്പും പലതവണ പറഞ്ഞിട്ടുണ്ട്. ഇത് ക്രിക്കറ്റാണ്. ഇതൊരു സിനിമാ സംസ്‌കാരമാണ്. മാര്‍ക്കറ്റിങ്, പൊസിഷനിങ്, ബ്രാന്‍ഡിങ് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. ഞാനത് നിഷേധിക്കുന്നില്ല. ഇതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷേ അതില്‍ ഏര്‍പ്പെടുന്നതും ഒരിക്കലും തെറ്റല്ല.

ഫാന്‍ഫൈറ്റുകള്‍ ഒരിക്കലും ഒരു മോശം തലത്തിലേക്ക് പോകാന്‍ പാടില്ല. ഇവരെല്ലാവരും ഏത് രാജ്യത്തിനായാണ് പ്രതിനിധീകരിക്കുന്നത്, നമ്മുടെ രാജ്യത്തെയാണ് എന്ന് ഓര്‍ക്കണം. അങ്ങനെയെങ്കില്‍ ഒരു ക്രിക്കറ്റ് കളിക്കാരനെ കൂവി വിളിക്കുന്നതില്‍ എന്താണ് ന്യായം?

 

എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ക്ക് ഒരു കളിക്കാരനെ ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ അയാളെ കൂവി വിളിക്കുന്നതില്‍ ഒരു ടീം എന്തിന് ഒരു വിശദീകരണം നല്‍കണം? മുമ്പൊരിക്കിലും ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല എന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്.

ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല എന്ന് നിങ്ങളെന്തിനാണ് വെറുതെ നടിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഗാംഗുലിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്, രണ്ട് പേരും രാഹുല്‍ ദ്രാവിഡിന് കീഴില്‍ കളിച്ചിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും എം.എസ്. ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട്.

നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. താരാരാരധന നല്ലതാണ്. എന്നാല്‍ മറ്റൊരാളെ നല്ലവനാക്കാന്‍ നിങ്ങള്‍ ഒരു കളിക്കാരനെ തരംതാഴ്‌ത്തേണ്ടതില്ല. ഇത് നമ്മുടെ രാജ്യത്ത് നിന്ന് ഇല്ലാതാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അശ്വിന്‍ പറഞ്ഞു.

 

 

Content Highlight: IPL 2024: R Ashwin backs Hardik Pandya