| Friday, 19th April 2024, 5:15 pm

ലാസ്റ്റ് ഓവര്‍ ത്രില്ലറുകള്‍ക്കായി ഇവരെ സമീപിക്കുക... റോയല്‍ ചലഞ്ചേഴ്‌സ് ഒന്നുമല്ല, ഇവന്‍മാരാണ് എറ്റവും മികച്ച എന്റര്‍ടെയ്‌നിങ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മറ്റൊരു ലാസ്റ്റ് ഓവര്‍ ത്രില്ലറിനാണ് പഞ്ചാബ് കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒമ്പത് റണ്‍സിന് പരാജയപ്പെടാനായിരുന്നു പഞ്ചാബിന്റെ വിധി.

ഈ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്കാണ് പഞ്ചാബ് പടിയിറങ്ങിയത്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് പഞ്ചാബ് സിംഹങ്ങള്‍ക്കുള്ളത്.

ഇതാദ്യമായല്ല സീസണില്‍ പഞ്ചാബ് അവസാന ഓവര്‍ വരെ കളിയുടെ ആവേശമെത്തിക്കുന്നത്. പഞ്ചാബ് വിജയിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മത്സരങ്ങളില്‍ മിക്കതും ലാസ്റ്റ് ഓവര്‍ ത്രില്ലറുകളായിരുന്നു.

ദല്‍ഹി ക്യാപ്പിറ്റല്‍സിനോടായിരുന്നു സീസണില്‍ ടീമിന്റെ ആദ്യ വിജയം. മൊഹാലി, മുല്ലാപൂരില്‍ നടന്ന മത്സരത്തില്‍ നാല് പന്ത് ശേഷിക്കവെയാണ് പഞ്ചാബ് ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലും പഞ്ചാബ് അവസാന ഓവര്‍ വരെ കളിയുടെ ആവേശം ഉയര്‍ത്തിയിരുന്നു. ഓരോ നിമിഷവും വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഘട്ടത്തില്‍ പഞ്ചാബ് മത്സരം കൈവിട്ടു. 20ാം ഓവറിലെ രണ്ടാം പന്തിലാണ് ആര്‍.സി.ബി പഞ്ചാബിനെ മറികടന്ന് വിജയം സ്വന്തമാക്കിയത്.

ഏപ്രില്‍ നാലിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഹോം ടീമായ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ശശാങ്ക് സിങ്ങിന്റെയും അശുതോഷ് ശര്‍മയുടെയും ചെറുത്തുനില്‍പില്‍ ഒരു പന്ത് ശേഷിക്കവെയാണ് പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സിനെതിരായ തൊടട്ടുത്ത മത്സരത്തില്‍ വീണ്ടും പഞ്ചാബിനെ പരാജയം തേടിയെത്തി. അവസാന ഓവറിലെ അവസാന പന്ത് വരെ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം.

സ്‌കോര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 182/9 (20)
പഞ്ചാബ് കിങ്‌സ് – 180/6 (20)

ഐ.പി.എല്ലിലെ മോഡേണ്‍ ഡേ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ രാജസ്ഥാന്‍ റോയല്‍സിനോടും അവസാന ഓവറിലാണ് പഞ്ചാബ് തോല്‍വിയേറ്റുവാങ്ങിത്. പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കവെയാണ് രാജസ്ഥാന്‍ മറികടന്നത്.

അവസാന ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് വേണമെന്നിരിക്കെ കിങ്‌സിന്റെ വിശ്വസ്തനായ അര്‍ഷ്ദീപ് സിങ്ങിനെ രണ്ട് സിക്‌സറുകള്‍ക്ക് പറത്തി ഷിംറോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.

കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിലും ഈ ലാസ്റ്റ് ഓവര്‍ ത്രില്ലറിനാണ് മുല്ലാപൂര്‍ സാക്ഷ്യം വഹിച്ചത്. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി കഗീസോ റബാദ പഞ്ചാബിനെ അട്ടിമറി ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിലെ റണ്‍ ഔട്ട് ഹോം ടീമിന്റെ വിജയപ്രതീക്ഷകള്‍ ഒന്നായി തല്ലിക്കെടുത്തുകയായിരുന്നു.

ഏപ്രില്‍ 21നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ടീമിന് നേരിടാനുള്ളത്. മുന്നോട്ടുള്ള കുതിപ്പിന് വിജയം മാത്രമേ സഹായിക്കൂ എന്ന ഉത്തമബോധ്യമുള്ളതിനാല്‍ രണ്ടും കല്‍പിച്ചാകും കിങ്‌സ് കളത്തിലിറങ്ങുക.

Content Highlight: IPL 2024: Punjab Kings’ matches in 2024

We use cookies to give you the best possible experience. Learn more