രണ്ട് ദിവസം മുമ്പാണ് ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ഇന്ത്യ ലോകകപ്പിനായി വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കുന്നത്.
ഐ.പി.എല്ലിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഉള്‍പ്പെട്ട താരങ്ങളുടെ മോശം പ്രകടനത്തിനാണ് ഐ.പി.എല്ലും ആരാധകരും സാക്ഷ്യം വഹിക്കുന്നത്. കരിയറിലെ തന്നെ മോശം പ്രകടനമാണ് ഈ രണ്ട് ദിവസത്തിനിടെ താരങ്ങളില്‍ നിന്നും ഉണ്ടാകുന്നത്.
ഈ മോശം പ്രകടനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം,
– മൂന്ന് സീസണുകളിലാദ്യമായി ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്തായി.
– ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായി ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
– ഈ സീസണിലാദ്യമായി അര്‍ഷ്ദീപ് സിങ് ഒരു മത്സരത്തില്‍ 50+ റണ്‍സ് വഴങ്ങി.
– ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായി യൂസ്വേന്ദ്ര ചഹല്‍ 60+ റണ്‍സ് വഴങ്ങി.
– സീസണില്‍ ഇതാദ്യമായി രവീന്ദ്ര ജഡേജ ഒരു ബൗണ്ടറി പോലും നേടാതെ (സിക്‌സറോ ഫോറോ) പുറത്തായി.
– സീസണില്‍ ഇതാദ്യമായി സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതെിരായ മത്സരത്തിലാണ് ചഹലിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും പേരില്‍ മോശം റെക്കോഡുകള്‍ പിറന്നത്.
മറ്റെല്ലാ ബൗളര്‍മാരും പത്തിന് താഴെ എക്കോണമിയില്‍ പന്തെറിഞ്ഞപ്പോള്‍ നാല് ഓവറില്‍ 15.50 എക്കോണമിയില്‍ 62 റണ്‍സാണ് ചഹല്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെയാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി സഞ്ജു പുറത്താവുകയായിരുന്നു.
വരും മത്സരങ്ങളില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ജൂണ്‍ ഒന്നിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
യശസ്വി ജെയ്‌സ്വാള്‍
വിരാട് കോഹ്‌ലി
സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)
ശിവം ദുബെ
രവീന്ദ്ര ജഡേജ
അക്‌സര്‍ പട്ടേല്‍
കുല്‍ദീപ് യാദവ്
യൂസ്വേന്ദ്ര ചഹല്‍
അര്‍ഷ്ദീപ് സിങ്
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
ട്രാവലിങ് റിസര്‍വുകള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.
Content Highlight: IPL 2024: Poor performance of players after announcing squad for T20 World Cup