| Friday, 24th May 2024, 10:51 pm

തുഴഞ്ഞു കളിച്ച നാണക്കേട്; സഞ്ജു ഒന്നാമനായ പട്ടികയില്‍ രാജസ്ഥാനില്‍ നിന്നും പുതിയ എന്‍ട്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്സും എലിമിനേറ്ററില്‍ ഫാഫ് ഡു പ്ലെസിയെയും സംഘത്തെയും പരാജയപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സുമാണ് രണ്ടാം ക്വാളിഫയറില്‍ കൊമ്പുകോല്‍ക്കുന്നത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.

സൂപ്പര്‍ താരം ഹെന്റിക് ക്ലാസന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 34 പന്തില്‍ 50 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് പുറമെ രാഹുല്‍ ത്രിപാഠിയും ട്രാവിസ് ഹെഡും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ത്രിപാഠി 15 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 34 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.

രാജസ്ഥാനായി ആവേശ് ഖാനും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ സന്ദീപ് ശര്‍മ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടി. ഇന്നിങ്സിലെ അവസാന പന്തില്‍ ജയ്ദേവ് ഉനദ്കട് റണ്‍ ഔട്ടായി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വളരെ പതിഞ്ഞാണ് തുടങ്ങിയത്. ആദ്യ മൂന്ന് ഓവറില്‍ 19 റണ്‍സാണ് രാജസ്ഥാന് കണ്ടെത്താന്‍ സാധിച്ചത്. നാല് ഓവര്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് ഒരു വിക്കറ്റിന് 24 റണ്‍സും.

16 പന്തില്‍ 10 റണ്‍സ് നേടിയ ടോം കോലര്‍ കാഡ്‌മോറിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. 62.50 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഇതോടെ ഒരു മോശം റെക്കോഡും കാഡ്‌മോറിനെ തേടിയെത്തി. ഐ.പി.എല്‍ പ്ലേ ഓഫിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ പട്ടികയിലേക്കാണ് താരമെത്തിയത്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് പട്ടികയിലെ ഒന്നാമന്‍.

ഐ.പി.എല്‍ പ്ലേ ഓഫിലെ മോശം സ്‌ട്രൈക്ക് റേറ്റ്. (മിനിമം 15 പന്തുകള്‍)

(സ്‌ട്രൈക്ക് റേറ്റ് – താരം – സ്‌കോര്‍ – എതിരാളികള്‍ എന്നീ ക്രമത്തില്‍)

47.61 – സഞ്ജു സാംസണ്‍ – 10 (21) – സണ്‍റൈസേഴ്‌സ്

50.00 – അസര്‍ ബിലാഖിയ – 10 (20) – ദല്‍ഹി ഡെയര്‍ഡെവിള്‍സ്

50.00 – ആര്‍. അശ്വിന്‍ – 9 (18) – മുംബൈ ഇന്ത്യന്‍സ്

50.00 – മനീഷ് പാണ്ഡേ – 8 (16) – ചെന്നൈ സൂപ്പര്‍ കിങ്‌സ്

50.00 – എം.എസ്. ധോണി – 9 (18) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

53.33 – രോഹിത് ശര്‍മ – 8 (15) – ചെന്നൈ സൂപ്പര്‍ കിങ്‌സ്

54.83 – മാത്യൂ ഹെയ്ഡന്‍ – 17 (31) – മുംബൈ ഇന്ത്യന്‍സ്

56.25 – എസ്. ഭരത് – 9 (16) – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

59.09 – വേണുഗോപാല്‍ റാവു – 13 (22) – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

61.11 – ദിനേഷ് കാര്‍ത്തിക് – 11 (18) – ചെന്നൈ സൂപ്പര്‍ കിങ്‌സ്

62.50 – ടോം കോലര്‍ കാഡ്‌മോര്‍ – 10 (16) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

അതേസമയം, സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 176 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിക്കാതെ കുഴങ്ങുകയാണ്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 80ന് അഞ്ച് എന്ന നിലയിലാണ് രാജസ്ഥാന്‍. ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ധ്രുവ് ജുറെലും രണ്ട് പന്തില്‍ ഒരു റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.

Content Highlight: IPL 2024 Playoffs: Tom Kohler Cadmore with worst record

We use cookies to give you the best possible experience. Learn more