ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159 റണ്‍സാണ് സ്വന്തമാക്കിയത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ രാഹുല്‍ ത്രിപാഠിയുടെ അര്‍ധ സെഞ്ച്വറിയും ഹെന്റിക് ക്ലാസന്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ ഇന്നിങ്‌സുമാണ് സണ്‍റൈസേഴ്‌സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
35 പന്തില്‍ 55 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 157.14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ 24 പന്തില്‍ 30 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
ആറ് താരങ്ങളാണ് സണ്‍റൈസേഴ്‌സ് നിരയില്‍ ഇരട്ടയക്കം കാണാതെ മടങ്ങിയത്. ഇതില്‍ നാല് പേര്‍ സംപൂജ്യരായാണ് പവലിയനിലേക്ക് തിരിച്ചുനടന്നത്.
ഷഹബാസ് അഹമ്മദും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ തന്‍വീര്‍ സാംഘയും ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ് സില്‍വര്‍ ഡക്കായും പുറത്തായി.
സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് പൂജ്യത്തിന് പുറത്തായ മറ്റൊരു സണ്‍റൈസേഴ്‌സ് താരം. നാല് പന്ത് നേരിട്ടാണ് ഭുവി വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ തിരിച്ചുനടന്നത്.
കഴിഞ്ഞ സീസണിലേതെന്ന പോലെ ഈ വര്‍ഷത്തെ പ്ലേ ഓഫിലും ഡോട്ട് ബോളുകളില്‍ മരം നടാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഡോട്ട് ബോളുകള്‍ക്കും 500 മരം വീതമാണ് അപെക്‌സ് ബോര്‍ഡ് നടുക.
(കഴിഞ്ഞ വര്‍ഷം ജയ് ഷാ പങ്കുവെച്ച പോസ്റ്റ്)
സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ 43 പന്തുകളില്‍ റണ്‍സൊന്നും പിറന്നിരുന്നില്ല. അതായത് 21,500 മരങ്ങളാണ് ഒന്നാം ക്വാളിഫയറിലെ ആദ്യ പകുതിയില്‍ നിന്ന് മാത്രമായി ബി.സി.സി.ഐ പ്രകൃതിക്ക് സമ്മാനിക്കുന്നത്.
അതേസമയം, 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 57ന് ഒന്ന് എന്ന നിലയിലാണ്. എട്ട് പന്തില്‍ 12 റണ്‍സടിച്ച സുനില്‍ നരെയ്‌നും എട്ട് പന്തില്‍ 12 റണ്‍സ് തന്നെ നേടിയ വെങ്കിടേഷ് അയ്യരുമാണ് ക്രീസില്‍.
14 പന്തില്‍ 23 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ടി. നടരാജന്റെ പന്തില്‍ വിജയ്കാന്ത് വിയാസ്‌കാന്തിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയ്കാന്ത് വിയാസ്‌കാന്ത്, ടി. നടരാജന്‍.
Content Highlight: IPL 2024 playoffs: SEH vs KKR: BCCI to plant 500 trees for every dot balls in the playoff matches