തിയേറ്ററില്‍ നിറഞ്ഞാടി ടര്‍ബോ ജോസ്, ചെപ്പോക്കില്‍ അഴിഞ്ഞാടി ടര്‍ബോ ബോള്‍ട്ട്; സ്വന്തം നേട്ടം തകര്‍ക്കാതെ സ്വന്തം നേട്ടത്തിനൊപ്പം
IPL
തിയേറ്ററില്‍ നിറഞ്ഞാടി ടര്‍ബോ ജോസ്, ചെപ്പോക്കില്‍ അഴിഞ്ഞാടി ടര്‍ബോ ബോള്‍ട്ട്; സ്വന്തം നേട്ടം തകര്‍ക്കാതെ സ്വന്തം നേട്ടത്തിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 8:57 pm

 

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്.

ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് സഞ്ജുസ്ഥാന്‍ ഒരടി കൂടി മുമ്പോട്ട് വെച്ചത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.

 

രണ്ടാം ക്വാളിഫയറില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കുന്ന തന്റെ മാജിക് ട്രെന്റ് ബോള്‍ട്ട് ഒരിക്കല്‍ക്കൂടി ചെപ്പോക്കില്‍ പുറത്തെടുത്തു. തന്നെ ഒന്നിന് പിന്നാലെ ഒന്നായി അതിര്‍ത്തി കടത്തിയ അഭിഷേക് ശര്‍മയെ പറഞ്ഞയച്ചുകൊണ്ടായിരുന്നു ബോള്‍ട്ട് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ടോം കോലര്‍ കാഡ്‌മോറിന് ക്യാച്ച് നല്‍കിയാണ് സണ്‍റൈസേഴ്‌സിന്റെ വമ്പനടി വീരനെ ബോള്‍ട്ട് മടക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് 29ാം തവണയാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ ബാറ്ററെ മടക്കുന്നത്. 27 തവണ ഈ നേട്ടം കൈവരിച്ച ഭുവനേശ്വര്‍ കുമാറാണ് രണ്ടാമന്‍.

അഭിഷേകിന്റെ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബോള്‍ട്ട് സ്വന്തമാക്കിയിരുന്നു. ഒരു ഐ.പി.എല്‍ സീസണില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത് താരം എന്ന നേട്ടത്തിലേക്കാണ് ബോള്‍ട്ട് ചെന്നെത്തിയത്. ഇത് ഏഴാം തവണയാണ് ഈ സീസണില്‍ ബോള്‍ട്ട് ആദ്യ ഓവറില്‍ ബാറ്ററെ മടക്കുന്നത്.

കഴിഞ്ഞ സീസണില്‍ നേടിയ ഏഴ് വിക്കറ്റ് നേട്ടത്തിനൊപ്പമാണ് ബോള്‍ട്ട് ഇത്തവണയുമെത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാമനും ബോള്‍ട്ട് തന്നെ.

ഒരു ഐ.പി.എല്‍ സീസണില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – വിക്കറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ട്രെന്റ് ബോള്‍ട്ട് – 8 – 2020

ട്രെന്റ് ബോള്‍ട്ട് – 7* – 2024

ട്രെന്റ് ബോള്‍ട്ട് – 7 – 2023

ഭുവനേശ്വര്‍ കുമാര്‍ – 6 – 2016

സഹീര്‍ ഖാന്‍ – 5 – 2012

പ്രവീണ്‍ കുമാര്‍ – 5 – 2013

ജോഫ്രാ ആര്‍ച്ചര്‍ – 5 – 2020

ട്രെന്റ് ബോള്‍ട്ട് – 5 – 2022

മുകേഷ് കുമാര്‍ – 5 – 2022

മുഹമ്മദ് സിറാജ് – 2023

ഭുവനേശ്വര്‍ കുമാര്‍ – 5 – 2023

പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ബോള്‍ട്ട് മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 120ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 14ാം ഓവറില്‍ രണ്ട് താരങ്ങളെ മടക്കി ആവേശ് ഖാനാണ് രാജസ്ഥാനെ ഡ്രൈവിങ് സീറ്റിലിരുത്തിയത്. 23 പന്തില്‍ 29 റണ്‍സുമായി ക്ലാസനും അബ്ദുള്‍ സമദിന് പകരക്കാരനായെത്തിയ ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.

 

Content highlight: IPL 2024 Playoffs: RR vs SRH: Trent Boult with another record