| Friday, 24th May 2024, 11:30 pm

കളി മറന്ന് രാജസ്ഥാന്‍, പൊരുതാന്‍ പോലുമാകാതെ തോല്‍വി; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ ചിറകേറി സണ്‍റൈസേഴ്‌സ് ഫൈനലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ ഓറഞ്ച് ആര്‍മി ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.

സൂപ്പര്‍ താരം ഹെന്റിക് ക്ലാസന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 34 പന്തില്‍ 50 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് പുറമെ രാഹുല്‍ ത്രിപാഠിയും ട്രാവിസ് ഹെഡും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ത്രിപാഠി 15 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 34 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.

രാജസ്ഥാനായി ആവേശ് ഖാനും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ സന്ദീപ് ശര്‍മ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടി. ഇന്നിങ്സിലെ അവസാന പന്തില്‍ ജയ്ദേവ് ഉനദ്കട് റണ്‍ ഔട്ടായി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. ഒരു വശത്ത് നിന്ന് യുവതാരങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് നിന്ന് അനുഭവ സമ്പത്തുള്ള സൂപ്പര്‍ താരങ്ങള്‍ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി.

ഓപ്പണര്‍ ടോം കോലര്‍ കാഡ്‌മോര്‍ മുതല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും റിയാന്‍ പരാഗും ഷിംറോണ്‍ ഹെറ്റ്‌മെയറും റോവ്മന്‍ പവലും അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്‍ പതറി.

യുവതാരങ്ങളായ ധ്രുവ് ജുറെലും യശസ്വി ജെയ്‌സ്വാളുമാണ് ചെറുത്തുനിന്നത്. ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറി നേടി. 35 പന്തില്‍ നിന്നും പുറത്താകാതെ 56 റണ്‍സാണ് താരം നേടിയത്.

ജെയ്‌സ്വാള്‍ 21 പന്തില്‍ 200.00 സ്‌ട്രൈക്ക് റേറ്റില്‍ 42 റണ്‍സും സ്വന്തമാക്കി.

പ്ലേ ഓഫിന് മുമ്പ് ടീം വിട്ട ജോസ് ബട്‌ലറിന്റെ കുറവ് രാജസ്ഥാന്റെ ബാറ്റിങ് യൂണിറ്റിനെ എത്രത്തോളം തളര്‍ത്തിയെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ഈ മത്സരം.

സണ്‍റൈസേഴ്‌സിനായി പാര്‍ട് ടൈം ബൗളര്‍മാര്‍ പോലും തിളങ്ങി. ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ സഞ്ജുവിന്റേതടക്കം രണ്ട് വിക്കറ്റും നേടി. നടരാജനും കമ്മിന്‍സുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മെയ് 26നാണ് കിരീടപ്പോരാട്ടം. ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടപത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content highlight: IPL 2024 Playoffs; RR vs SRH: Sunrisers defeated Rajasthan Royals

We use cookies to give you the best possible experience. Learn more