ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് സഞ്ജുസ്ഥാന്‍ ഒരടി കൂടി മുമ്പോട്ട് വെച്ചത്.
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.
ഈ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടവും കാത്തിരിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ച നായകന്‍ എന്ന നേട്ടമാണ് മലയാളി വിക്കറ്റ് കീപ്പര്‍ക്ക് മുമ്പിലുള്ളത്.
നിലവില്‍ 31 മത്സരത്തിലാണ് സഞ്ജു രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 31 മത്സരത്തില്‍ തന്നെ രാജസ്ഥാനെ വിജയരഥമേറ്റിയ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പമാണ് നിലവില്‍ സഞ്ജു ഇടം പിടിച്ചിരിക്കുന്നത്.
എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ വിജയിച്ചാല്‍ ഫൈനലിലേക്ക് മാത്രമല്ല, രാജസ്ഥാന്റെ ചരിത്രത്തിലേക്കും സഞ്ജുവിന് നടന്നുകയറാന്‍ സാധിക്കും.
രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ വിജയിപ്പിച്ച നായകന്‍മാര്‍
(താരം – മത്സരം – വിജയിച്ച മത്സരം – നോ റിസള്‍ട്ട് എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – 56 – 31 – 0
സഞ്ജു സാംസണ്‍ – 60 – 31 – 1
രാഹുല്‍ ദ്രാവിഡ് – 40 – 23 – 0
സ്റ്റീവ് സ്മിത് – 27 – 15 – 1
അജിന്‍ക്യ രഹാനെ – 24 – 9 – 0
ഷെയ്ന്‍ വാട്സണ്‍ – 21 – 7 – 1
അതേസമയം, സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കില്‍ ഉദയസൂര്യന്‍മാരെ സ്പിന്‍ കെണിയില്‍ വീഴിക്കാന്‍ തന്നെയായിരിക്കും സഞ്ജു പദ്ധതിയിടുന്നത്.
ചെപ്പോക്കിന്റെ സ്വന്തം ആര്‍. അശ്വനിനാണ് സഞ്ജുവിന്റെ ആവനാഴിയിലെ പ്രധാന അസ്ത്രം. ഒപ്പം യൂസി ചഹലും. ഇവര്‍ക്ക് ശക്തി പകരാന്‍ കേശവ് മഹാരാജുമെത്തുന്നതോടെ ‘റണ്‍ റൈസേഴ്‌സ്’ റണ്ണെടുക്കാന്‍ പാടുപെടുമെന്നുറപ്പാണ്.
Content highlight: IPL 2024 Playoffs: RR vs SRH: Sanju Samson need one win to surpass Shane Warne