ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയര്‍ മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍.
ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പടുകൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ മുമ്പോട്ട് കുതിച്ചത്.
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടും. ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയെയാണ് ഫൈനലില്‍ ഹൈദരാബാദ് – രാജസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് നേരിടാനുണ്ടാവുക.
രണ്ടാം ക്വാളിഫയറില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.
ഹെന്റിക് ക്ലാസന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. 34 പന്തില്‍ 50 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം. ക്ലാസന് പുറമെ രാഹുല്‍ ത്രിപാഠിയും ട്രാവിസ് ഹെഡും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ത്രിപാഠി 15 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 34 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.
രാജസ്ഥാനായി ആവേശ് ഖാനും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം നേടി. സന്ദീപ് ശര്‍മയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടിയത്. ഇന്നിങ്സിലെ അവസാന പന്തില്‍ ജയ്ദേവ് ഉനദ്കട് റണ്‍ ഔട്ടായി മടങ്ങി.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ബോള്‍ട്ട് വേട്ട തുടങ്ങിയത്. പവര്‍പ്ലേയിലെറിഞ്ഞ മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയെ മടക്കിയ ബോള്‍ട്ട് അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെയും ഏയ്ഡന്‍ മര്‍ക്രമിനെയും പുറത്താക്കി.
മത്സരത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങളും താരത്തിന് ലഭിച്ചിരുന്നു.
സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിക്കും മുമ്പ് തന്നെ ബോള്‍ട്ടിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവും രംഗത്തെത്തിയിരുന്നു. ആദ്യ ഓവറില്‍ അഭിഷേകിനെ മടക്കിയതിന് പിന്നാലെയാണ് സിദ്ധു ബോള്‍ട്ടിനെ പ്രശംസിച്ചത്.
‘അവന്‍ പ്രായം കൂടുംതോറും മികച്ചതാവുകയാണ്. അഭിഷേക് രണ്ട് പന്തില്‍ പത്ത് റണ്‍സ് നേടിയെങ്കിലും തന്റെ അനുഭവ സമ്പത്തിന്റെ ബലത്തില്‍ ബോള്‍ട്ട് സണ്‍റൈസേഴ്‌സ് ബാറ്ററെ പുറത്താക്കി.
ഫീല്‍ഡ് നിയന്ത്രണമുള്ളപ്പോള്‍ അവന്‍ അപകടകാരിയാണ്. വര്‍ഷങ്ങളായി ബോള്‍ട്ട് ഇത് ചെയ്യുന്നു. ഒരു ബാറ്റര്‍ക്കും അവനെതിരെ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സിദ്ധു പറഞ്ഞു.
അതേസമയം, 176 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 31 എന്ന നിലയിലാണ്. 16 പന്തില്‍ 10 റണ്‍സടിച്ച ടോം കോലര്‍ കാഡ്‌മോറാണ് പുറത്തായത്.
ഒമ്പത് പന്തില്‍ 14 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും അഞ്ച് പന്തില്‍ ആറ് റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ജയ്‌ദേവ് ഉനദ്കട്.
Content highlight: IPL 2024 Playoffs: RR vs SR: Navjot Singh Sidhu praises Trent Boult