ഐ.പി.എല്‍ 2024 അവസാന ഘട്ടത്തിലേക്കെത്തിരിയിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചിരുന്നു. മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.
എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.
മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.
പ്രതീക്ഷിച്ച തുടക്കമല്ല ആര്‍.സി.ബിക്ക് ലഭിച്ചത്. പവര്‍പ്ലേയില്‍ ട്രെന്റ് ബോള്‍ട്ട് കോഹ്‌ലിയെയും ഫാഫിനെയും അക്ഷരാര്‍ത്ഥത്തില്‍ ചരുട്ടിക്കെട്ടി. പവര്‍പ്ലേയിലെ ബോള്‍ട്ടിന്റെ മൂന്ന് ഓവറില്‍ നിന്നും വെറും ആറ് റണ്‍സ് മാത്രമാണ് ആര്‍.സി.ബിക്ക് നേടാന്‍ സാധിച്ചത്.
എങ്കിലും അവേശ് ഖാനും സന്ദീപ് ശര്‍മയുമെറിഞ്ഞ ഓവറുകളില്‍ നിന്നായി ടീം സ്‌കോര്‍ ചെയ്തു. പവപ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്. 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡു പ്ലെസിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
പവര്‍പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 24 പന്തില്‍ നിന്നും 33 റണ്‍സാണ് വിരാട് നേടിയത്.
എലിമിനേറ്ററുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോകുന്ന വിരാട് കോഹ്‌ലിക്ക് ഇത്തവണയും ബിഗ് ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ല. ഏങ്കിലും ഈ മത്സരത്തില്‍ നിന്നും ഒരു മികച്ച നേട്ടം സ്വന്തമാക്കാന്‍ വിരാടിനായി.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 8,000 റണ്‍സ് മാര്‍ക് പിന്നിടുന്ന താരം എന്ന ഐതിഹാസിക നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഈ നാഴികക്കല്ലിലെത്തുന്ന ഏക താരവും ആദ്യ താരവുമാണ് വിരാട്.
എന്നാല്‍ 8,000 റണ്‍സ് എന്ന നേട്ടത്തില്‍ മാത്രമല്ല വിരാട് ആദ്യമെത്തിയത്. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം, 4,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം, 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം തുടങ്ങി 8,000 റണ്‍സ് വരെ ഈ നേട്ടത്തില്‍ വിരാടിന്റെ പേര് തന്നെയാണുള്ളത്.
ഐ.പി.എല്ലില്‍ ആദ്യമായി,
500 റണ്‍സ് നേടിയ താരം – ഗൗതം ഗംഭീര്‍
1000 റണ്‍സ് നേടിയ താരം – ആദം ഗില്‍ക്രിസ്റ്റ്
1500 റണ്‍സ് നേടിയ താരം – സുരേഷ് റെയ്‌ന
2000 റണ്‍സ് നേടിയ താരം – സുരേഷ് റെയ്‌ന
2500 റണ്‍സ് നേടിയ താരം – സുരേഷ് റെയ്‌ന
2000 റണ്‍സ് നേടിയ താരം – സുരേഷ് റെയ്‌ന
3500 റണ്‍സ് നേടിയ താരം – സുരേഷ് റെയ്‌ന
4000 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
4500 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
5000 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
5500 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
6000 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
6500 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
7000 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
7500 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി
4000 റണ്‍സ് നേടിയ താരം – വിരാട് കോഹ്‌ലി*
അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 116ന് നാല് എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. 20 പന്തില്‍ 28 റണ്‍സുമായി രജത് പാടിദാറും നാല് പന്തില്‍ ഏഴ് റണ്‍സുമായി മഹിപാല്‍ ലോംറോറുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.
റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്.
Content highlight: IPL 2024 Playoffs: RR vs RCB: Virat Kohli becomes the first batter to score 8,000 runs in IPL