ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ സണ്‍റെസേഴ്‌സ് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്.
എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.
ഞായറാഴ്ച നടന്ന പഞ്ചാബ് കിങ്സ് – സണ്‍റൈസേഴ്സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മി വിജയിക്കുകയും രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ആദ്യ ക്വാളിഫയറിന് പകരം എലിമിനേറ്റര്‍ കളിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.
എലിമിനേറ്റര്‍ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ആര്‍. അശ്വിനെ ഒരു തകര്‍പ്പന്‍ നേട്ടം കാത്തിരിക്കുന്നുണ്ട്. ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് അശ്വിന്റെ കയ്യെത്തും ദൂരത്തുള്ളത്.
നിലവില്‍ 19 വിക്കറ്റുകളാണ് ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ നിന്നായി അശ്വിന്‍ നേടിയിരിക്കുന്നത്. 20 വിക്കറ്റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ പേസര്‍ മോഹിത് ശര്‍മയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയാല്‍ അശ്വിന് മോഹിത് ശര്‍മക്കൊപ്പമെത്താനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ ടൈറ്റന്‍സ് പേസറെ മറികടക്കാനും സാധിക്കും.
28 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയാണ് പട്ടികയില്‍ ഒന്നാമന്‍. എലിമിനേറ്ററില്‍ വിജയിച്ച് രാജസ്ഥാന്‍ മുമ്പോട്ട് കുതിക്കുകയാണെങ്കില്‍ ബ്രാവോയെ മറികടക്കാനുള്ള അവസരവും അശ്വിന് ലഭിച്ചേക്കും.
ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഡ്വെയ്ന്‍ ബ്രാവോ – 19 – 28
മോഹിത് ശര്‍മ – 10 – 20
ആര്‍. അശ്വിന്‍ – 22 – 19
രവീന്ദ്ര ജഡേജ – 23 – 19
ഹര്‍ഭജന്‍ സിങ് – 15 – 17
ലസിത് മലിംഗ – 15 – 14
ആല്‍ബി മോര്‍കല്‍ – 12 – 14
സീസണിന്റെ തുടക്കത്തില്‍ അത്ര മികച്ച പ്രകടനമല്ല അശ്വിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ ലീഗ് ഘട്ട മത്സരങ്ങളുടെ അവസാനത്തേക്കെത്തിയപ്പോള്‍ താരം ഫോം കണ്ടെത്തിയിരുന്നു.
സീസണില്‍ പന്തെറിഞ്ഞ 12 മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. എലിമിനേറ്ററില്‍ അശ്വിന്‍ തന്റെ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content Highlight: IPL 2024 Playoffs: RR vs RCB: To become second in the list of players who took the most wickets in the playoffs. Ashwin needs one more wicket