ഐ.പി.എല്‍ 2024 അവസാന ഘട്ടത്തിലേക്കെത്തിരിയിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചിരുന്നു. മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.
എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.
മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. രജത് പാടിദാര്‍, വിരാട് കോഹ്‌ലി, മഹിപാല്‍ ലോംറോര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് റോയല്‍ ചലഞ്ചേഴ്‌സിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
പാടിദാര്‍ 22 പന്തില്‍ 34 റണ്‍സടിച്ചപ്പോള്‍ വിരാട് 24 പന്തില്‍ 33 റണ്‍സും ലോംറോര്‍ 17 പന്തില്‍ 32 റണ്‍സും സ്വന്തമാക്കി.
മത്സരത്തില്‍ ഏറെ നിരാശപ്പെടുത്തിയത് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് മാക്‌സി ആരാധകരെ വീണ്ടും നിരാശരാക്കിയത്. ആര്‍. അശ്വിന്റെ പന്തില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
ഇതോടെ രണ്ട് മോശം റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമായാണ് മാക്‌സി തലകുനിച്ചുനിന്നത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍
(താരം – എത്ര തവണ പൂജ്യത്തിന് പുറത്തായി എന്ന ക്രമത്തില്‍)
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 18
ദിനേഷ് കാര്‍ത്തിക് – 18
രോഹിത് ശര്‍മ – 17
പിയൂഷ് ചൗള – 16
സുനില്‍ നരെയ്ന്‍ – 16
ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും മാക്‌സ്‌വെല്ലെത്തി. ഈ സീസണില്‍ ഇത് നാലാം തവണയാണ് മാക്‌സ്‌വെല്‍ പൂജ്യത്തിന് പുറത്താകുന്നത്.
ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍
(താരം – സീസണ്‍ – എത്ര തവണ പൂജ്യത്തിന് പുറത്തായി എന്ന ക്രമത്തില്‍)
ജോസ് ബട്‌ലര്‍ – 2023 – 5
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2024 – 4
ദിനേഷ് കാര്‍ത്തിക് – 2023 – 4
ഓയിന്‍ മോര്‍ഗന്‍ – 2021 – 4
നിക്കോളാസ് പൂരന്‍ – 2021 – 4
ശിഖര്‍ ധവാന്‍ – 2020 – 4
മനീഷ് പാണ്ഡേ – 2012 – 4
മിഥുന്‍ മന്‍ഹാസ് – 2011 – 4
ഹെര്‍ഷല്‍ ഗിബ്‌സ് – 2009 – 4
അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 173 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 35 റണ്‍സ് എന്ന നിലയിലാണ്. 15 പന്തില്‍ 23 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഒമ്പത് പന്തില്‍ 11 റണ്‍സുമായി ടോം കോലര്‍ കാഡ്‌മോറുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.
റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്.
Content Highlight: IPL 2024 Playoffs: RR vs RCB: Glenn Maxwell out for a duck for 18th time in IPL