| Wednesday, 22nd May 2024, 9:17 pm

സഞ്ജുവിന്റെ മത്സരം, വീണ്ടും കണ്ണുകാണാത്ത തേര്‍ഡ് അമ്പയര്‍; രാജസ്ഥാന്റെ തോല്‍വിക്ക് പോലും കാരണമായേക്കാവുന്ന തീരുമാനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024 അവസാന ഘട്ടത്തിലേക്കെത്തിരിയിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചിരുന്നു. മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.

എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

മികച്ച രീതിയില്‍ മത്സരം പുരോഗമിക്കവെ വീണ്ടും വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഇത്തവണയും മൂന്നാം അമ്പയറിന്റെ തെറ്റായ തീരുമാനം തന്നെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതും.

അവേശ് ഖാന്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ രജത് പാടിദാര്‍ പുറത്തായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ ആവേശിനെ സിക്‌സറിന് പറത്തിയതിന് പിന്നാലെ രണ്ടാം പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കാണ് അടുത്തതായി കളത്തിലിറങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റിന് മുമ്പില്‍ കുടുങ്ങി. രാജസ്ഥാന്‍ താരങ്ങളുടെ അപ്പീലിന് പിന്നാലെ അമ്പയര്‍ ദിനേഷ് കാര്‍ത്തിക്കിന് എതിരായി വിധിയെഴുതി.

ഔട്ട് വിളിച്ചതിന് പിന്നാലെ താരം മറുവശത്തുണ്ടായിരുന്ന മഹിപാല്‍ ലോംറോറുമായി ചര്‍ച്ച ചെയ്ത റിവ്യൂ എടുത്തു. പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ തട്ടിയെന്ന് അള്‍ട്രാ എഡ്ജ് സ്‌പൈക് കണക്കിലെടുത്ത് തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചു.

മൂന്നാം അമ്പയറിന്റെ തീരുമാനത്തിനെതിരെ ആവേശ് ഖാന്‍ അടക്കമുള്ള റോയല്‍സ് താരങ്ങളും കോച്ച് സംഗക്കാരയും രംഗത്തുവന്നിരുന്നു.

എന്നാല്‍ ആ സ്‌പൈക്ക് താരത്തിന്റെ ബാറ്റ് പാഡില്‍ തട്ടുമ്പോഴാണെന്ന് തൊട്ടടുത്ത നിമിഷങ്ങളില്‍ വ്യക്തമായി. ഇതോടെ ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ട കാര്‍ത്തിക്കിന് ജീവന്‍ ലഭിച്ചു.

ഇതിന് പിന്നാലെ കമന്റേറ്റര്‍മാരടക്കമുള്ളവര്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. പന്ത് ബാറ്റില്‍ കൊണ്ടിട്ടുണ്ടെങ്കില്‍ അത് ദിനേഷ് കാര്‍ത്തിക്കിന് മനസിലാകേണ്ടതാണെന്നും അപ്പോള്‍ തന്നെ റിവ്യൂ എടുക്കുമെന്നും പറഞ്ഞ കമന്റേറ്റര്‍മാര്‍ ലോംറോറുമായി ചര്‍ച്ച ചെയ്ത ശേഷമാണ് താരം റിവ്യൂ എടുത്തതെന്നും ചൂണ്ടിക്കാണിച്ചു.

ആരാധകരും മൂന്നാം അമ്പയറിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്.

നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ പുറത്താകലിലും റോവ്മന്‍ പവവിന്റെ വൈഡ് കോളിലും മൂന്നാം അമ്പയറുടെ തീരുമാനവും വിവാദമായിരുന്നു.

നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ 154ന് അഞ്ച് എന്ന നിലയിലാണ് ആര്‍.സി.ബി. 11 പന്തില്‍ 11 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും 15 പന്തില്‍ 28 റണ്‍സുമായി മഹിപാല്‍ ലോംറോറുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്.

Content Highlight: IPL 2024 Playoffs: RR vs RCB: Criticism against 3rd umpire’s decision

We use cookies to give you the best possible experience. Learn more