കപ്പേ ഇല്ലാത്തതുള്ളൂ, പക്ഷേ ആവോളം റണ്‍സുണ്ട്, റോയല്‍ ചലഞ്ചേഴ്‌സിന്റെ സമഗ്രാധിപത്യം; വിരാടഗാഥയില്‍ ബെംഗളൂരു
IPL
കപ്പേ ഇല്ലാത്തതുള്ളൂ, പക്ഷേ ആവോളം റണ്‍സുണ്ട്, റോയല്‍ ചലഞ്ചേഴ്‌സിന്റെ സമഗ്രാധിപത്യം; വിരാടഗാഥയില്‍ ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 8:17 pm

 

 

ഐ.പി.എല്‍ 2024 അവസാന ഘട്ടത്തിലേക്കെത്തിരിയിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സിനെ ചുരുട്ടിക്കെട്ടി ഫൈനലില്‍ പ്രവേശിച്ചിരുന്നു. മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.

എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ നാലാമതുള്ള റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. ഇതിലെ വിജയികള്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

ക്യാപ്റ്റനും വിരാടുമടങ്ങുന്ന ഓപ്പണിങ് ഡുവോയാണ് ഈ മത്സരത്തിലും ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ചെന്നൈക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഈ കൂട്ടുകെട്ടില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളും.

കഴിഞ്ഞ മത്സരത്തിലെ പ്രകടനമോ തൊട്ടുമുമ്പുള്ള മത്സരത്തിലെ ബാറ്റിങ്ങോ അല്ല, മറിച്ച് സ്ഥിരതയോടെ ഇരുവരും പടുത്തുയര്‍ത്തുന്ന കൂട്ടുകെട്ട് തന്നെയാണ് ഇതിന് കാരണവും.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സടിച്ചുകൂട്ടിയ കൂട്ടുകെട്ടില്‍ നാലാം സ്ഥാനക്കാരാണ് ഈ ഡുവോ. 2,032 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ ഐ.പി.എല്‍ കണ്ടത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സമഗ്രാധിപത്യമാണ് ഈ പട്ടികയിലുള്ളത്. ആദ്യ അഞ്ചില്‍ മൂന്ന് കൂട്ടുകെട്ടുകളാണ് ആര്‍.സി.ബി താരങ്ങളുടെ പേരിലുള്ളത്.

ഈ മൂന്നിലും വിരാട് കോഹ്‌ലി ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ഡു പ്ലെസിക്ക് പുറമെ ഡി വില്ലിയേഴ്‌സിനൊപ്പവും ക്രിസ് ഗെയ്‌ലിനൊപ്പവുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.

 

 

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കൂട്ടുകെട്ട്

(താരങ്ങള്‍ – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് & വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 76 – 3,123

ക്രിസ് ഗെയ്ല്‍ & വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 59 – 2,787

ശിഖര്‍ ധവാന്‍ & ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 50 – 2,357ട

ഫാഫ് ഡു പ്ലെസി & വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 41 – 2,032

ഗൗതം ഗംഭീര്‍ & റോബിന്‍ ഉത്തപ്പ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 48 – 1,906

അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിങ് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 56ന് ഒന്ന് എന്ന നിലയിലാണ്.

14 പന്തില്‍ 17 റണ്‍സ് നേടിയ ഫാഫിന്റെ വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ റോവ്മന്‍ പവലിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് താരം പുറത്തായത്.

22 പന്തില്‍ 33 റണ്‍സുമായി വിരാട് കോഹ്‌ലിയും ആറ് പന്തില്‍ മൂന്ന് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

 

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ടോം കോലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മന്‍ പവല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്.

 

 

Content Highlight: IPL 2024 Playoffs: RR vs RCB: Batting pair has scored the most partnership runs in IPL history