ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.
മാറ്റമില്ലാത്ത ടീമുമായാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. തങ്ങളുടെ കരുത്ത് ബാറ്റിങ്ങിലാണെന്നും ഇക്കാരണം കൊണ്ടുതന്നെ ബാറ്റിങ് തെരഞ്ഞെടുക്കുന്നതെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.
ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ ഒരു വിജയലക്ഷ്യം മുമ്പിലുള്ളത് എന്തുകൊണ്ടും മികച്ചതാണെന്നും ഇക്കാരണത്താല്‍ ടോസ് നേടിയാല്‍ തങ്ങള്‍ ബൗളിങ് തെരഞ്ഞെടുക്കുമെന്നാണ് കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡിനെ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക് മടക്കി. സ്റ്റാര്‍ക്കിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡ് പുറത്തായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹെഡ് ഡക്കായി മടങ്ങുന്നത്. ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെയും താരം പൂജ്യത്തിനാണ് മടങ്ങിയത്.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനമുറപ്പിക്കാനിറങ്ങിയ സണ്‍റൈസഴ്‌സ് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് സിങ് മടക്കിയിരുന്നു. ഇന്നത്തെ മത്സരത്തിന് സമാനമായി ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.
നിര്‍ണായക മത്സരത്തില്‍ ട്രവിഷേക് സഖ്യത്തിന്റെ സേവനം സണ്‍റൈസേഴ്‌സിന് ഒരിക്കല്‍ക്കൂടി നഷ്ടമായിരിക്കുകയാണ്. രണ്ട് മത്സരത്തിലും ഇടംകയ്യന്‍ പേസറാണ് തലയുടെ തലയരിഞ്ഞിട്ടത്.
Talk about a FIERY start 🔥🔥
Mitchell Starc with an instant impact with the wicket of Travis Head 💜
ആദ്യ ഓവറില്‍ ഹെഡിനെ നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സിന് തൊട്ടടുത്ത ഓവറില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെയും നഷ്ടമായി. നാല് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറയുടെ പന്തില്‍ ആന്ദ്രേ റസലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
The @KKRiders bowlers have come out all guns blazing here in Ahmedabad! ⚡️⚡️#SRH now lose both their openers ☝️
അതേസമയം, രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 13ന് രണ്ട് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ഒരു പന്തില്‍ റണ്ണൊന്നുമെടുക്കാതെ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.