| Tuesday, 21st May 2024, 9:34 pm

ആ വിങ്ങല്‍ അവന്റെ നെഞ്ചില്‍ മാത്രമല്ല; ത്രിപാഠിക്കൊപ്പം കരഞ്ഞ് ആരാധകരും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.

19.3 ഓവറില്‍ 159 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ രാഹുല്‍ ത്രിപാഠിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 35 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 157.14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ ആറാം വിക്കറ്റായാണ് ത്രിപാഠി പുറത്തായത്. നിര്‍ഭാഗ്യകരമായ ഒരു റണ്‍ ഔട്ടിലൂടെയായിരുന്നു ത്രിപാഠിയുടെ മടക്കം.

സുനില്‍ നരെയ്‌ന്റെ പന്തില്‍ അബ്ദുള്‍ സമദ് ഷോട്ട് കളിച്ചതിന് പിന്നാലെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ത്രിപാഠി സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്തു. എന്നാല്‍ ആന്ദ്രേ റസല്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ പന്ത് കൈക്കലാക്കുകയും വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് കൈമാറുകയുമായിരുന്നു.

ബാറ്റര്‍മാരുടെ മിസ്‌കമ്യൂണിക്കേഷന്‍ മുതലെടുത്ത് ഗുര്‍ബാസ് ത്രിപാഠിയെ പുറത്താക്കി.

പുറത്തായതിന് പിന്നാലെ കളം വിട്ട താരം സ്റ്റെയര്‍കേസില്‍ സങ്കടത്തോടെ ഇരുന്നിരുന്നു. മുഖം മറച്ച് സങ്കടം താങ്ങാതെ തകര്‍ന്നിരിക്കുന്ന ത്രിപാഠിയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഹൃദയഭേദകമെന്ന് കുറിച്ചാണ് പലരും ഈ ചിത്രം പങ്കുവെച്ചത്.

മത്സരത്തില്‍ ത്രിപാഠിക്ക് പുറമെ ഹെന്റിക് ക്ലാസന്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ ഇന്നിങ്‌സും ടോട്ടലില്‍ നിര്‍ണായകമായി. ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ 24 പന്തില്‍ 30 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

ആറ് താരങ്ങളാണ് സണ്‍റൈസേഴ്‌സ് നിരയില്‍ ഇരട്ടയക്കം കാണാതെ മടങ്ങിയത്. ഇതില്‍ നാല് പേര്‍ പൂജ്യത്തിനാണ് പുറത്തായത്.

കൊല്‍ക്കത്തക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് പേരെയും ഹര്‍ഷിത് റാണ, വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ ഹൈദരാബാദ് ബാറ്ററെയും മടക്കി.

സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയ്കാന്ത് വിയാസ്‌കാന്ത്, ടി. നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Content highlight: IPL 2024 Playoffs: KKR vs SRJ: Rahul Tripathi’s picture goes viral

We use cookies to give you the best possible experience. Learn more