ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.
19.3 ഓവറില്‍ 159 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ രാഹുല്‍ ത്രിപാഠിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 35 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 157.14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
പുറത്തായതിന് പിന്നാലെ കളം വിട്ട താരം സ്റ്റെയര്‍കേസില്‍ സങ്കടത്തോടെ ഇരുന്നിരുന്നു. മുഖം മറച്ച് സങ്കടം താങ്ങാതെ തകര്‍ന്നിരിക്കുന്ന ത്രിപാഠിയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ആറ് താരങ്ങളാണ് സണ്‍റൈസേഴ്‌സ് നിരയില്‍ ഇരട്ടയക്കം കാണാതെ മടങ്ങിയത്. ഇതില്‍ നാല് പേര്‍ പൂജ്യത്തിനാണ് പുറത്തായത്.
കൊല്‍ക്കത്തക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് പേരെയും ഹര്‍ഷിത് റാണ, വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ ഹൈദരാബാദ് ബാറ്ററെയും മടക്കി.