ഐ.പി.എല്‍ 2024ലെ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡിനെ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക് മടക്കി. സ്റ്റാര്‍ക്കിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡ് പുറത്തായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹെഡ് ഡക്കായി മടങ്ങുന്നത്. ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെയും താരം പൂജ്യത്തിനാണ് മടങ്ങിയത്.
പിന്നാലെ വണ്‍ ഡൗണായിറങ്ങിയ രാഹുല്‍ ത്രിപാഠിയെയും സ്റ്റാര്‍ക് ‘പുറത്താക്കിയിരുന്നു’. സ്റ്റാര്‍ക്കിന്റെ അളന്നുമുറിച്ചുള്ള യോര്‍ക്കറില്‍ ത്രിപാഠി വിക്കറ്റിന് മുമ്പില്‍ കുടുങ്ങി. എന്നാല്‍ അമ്പയര്‍ സണ്‍റൈസേഴ്‌സിന് അനുകൂലമായി വിധിയെഴുതി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാകട്ടെ റിവ്യൂ എടുത്തതുമില്ല.
എന്നാല്‍ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ത്രിപാഠി പുറത്തായിരുന്നുവെന്ന് തെളിഞ്ഞു.
സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ അഞ്ചാം ഓവറില്‍ താനൊരു ചാമ്പ്യന്‍ ബൗളറാണെന്ന് സ്റ്റാര്‍ക് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിയെ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ച് സ്റ്റാര്‍ക് പുറത്താക്കി. പത്ത് പന്തില്‍ ഒമ്പത് റണ്‍സ് നേടിയായിരുന്നു സൂപ്പര്‍ താരത്തിന്റെ മടക്കം.
തൊട്ടടുത്ത പന്തില്‍ സ്റ്റാര്‍ക് വീണ്ടും രക്തം ചിന്തി. ഷഹബാസ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡാക്കി പവലിയനിലേക്ക് മടക്കി അയച്ചു.
പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്.
നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങുന്ന പതിവ് സ്റ്റാര്‍ക് ഒരിക്കല്‍ക്കൂടി പുറത്തെടുത്തിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനത്തില്‍ കൊല്‍ക്കത്ത ആരാധകര്‍ പോലും സ്റ്റാര്‍ക്കിനെതിരെ രംഗത്തെത്തിയിരുന്നു. 25 കോടിയോളം മുടക്കി ഈ തല്ലുകൊള്ളിയെ എന്തിന് ടീമിലെടുത്തെന്നായിരുന്നു ആരാധകരുടെ ചോദ്യം.
എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരമാണ് സ്റ്റാര്‍ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഐ.പി.എല്ലിന്റെ പ്ലേ ഓഫ് എന്നതിനൊപ്പം തന്നെ ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍ക് താളം കണ്ടെത്തിയത് എന്നത് ആരാധകര്‍ക്ക് ഒരേസമയം സന്തോഷവും ആശങ്കയും നല്‍കുന്നുണ്ട്.
സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവിനെ ട്രോള്‍ ഗ്രൂപ്പുകളും ക്രിക്കറ്റ് സര്‍ക്കിളുകളും ആഘോഷമാക്കുന്നുണ്ട്.
അതേസമയം, 11 ഓവര്‍ പിന്നിടുമ്പോള്‍ സണ്‍റൈസേഴ്‌സ് 100 കടന്നിരിക്കുകയാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്.
വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 11ാം ഓവറിലെ അവസാന പന്തില്‍ ക്ലാസന്റെ വിക്കറ്റും സണ്‍റൈസേഴ്‌സിന് നഷ്ടമായി. ബൗണ്ടറി ലൈനിന് സമീപം റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 21 പന്തില്‍ 32 റണ്‍സായിരുന്നു പ്രോട്ടിയാസ് സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം.
30 പന്തില്‍ 51 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും ക്ലാസന് പകരമെത്തിയ അബ്ദുള്‍ സമദുമാണ് ക്രീസില്‍.
സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയ്കാന്ത് വിയാസ്‌കാന്ത്, ടി. നടരാജന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Content highlight: IPL 2024 Playoffs: KKR vs SRH: Mitchell Starc’s brilliant bowling performance