ക്ലാസനും മര്‍ക്രമും ശര്‍മയും അടിതെറ്റി വീണ അതേ മണ്ണില്‍ യുവതാരത്തിന്റെ ആറാട്ട്; ബ്രാറിനെയും ഹര്‍ഷലിനെയും ചോര തുപ്പിച്ച് ഇന്ത്യയുടെ ഭാവി
IPL
ക്ലാസനും മര്‍ക്രമും ശര്‍മയും അടിതെറ്റി വീണ അതേ മണ്ണില്‍ യുവതാരത്തിന്റെ ആറാട്ട്; ബ്രാറിനെയും ഹര്‍ഷലിനെയും ചോര തുപ്പിച്ച് ഇന്ത്യയുടെ ഭാവി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th April 2024, 9:25 pm

 

 

ഐ.പി.എല്‍ 2024ലെ 23ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് യുവതാരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ലോകോത്തര താരങ്ങളായ ഹെന്റിക് ക്ലാസനും ഏയ്ഡന്‍ മര്‍ക്രവും പരാജയപ്പെട്ട മത്സരത്തിലാണ് 20കാരനായ നിതീഷ് കുമാര്‍ റെഡ്ഡി വെടിക്കെട്ട് തീര്‍ത്തത്.

മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സീസണിലെ ഏറ്റവും മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സണ്‍റൈസേഴ്‌സിന് നഷ്ടപ്പെട്ടത്.

സൂപ്പര്‍ താരം ട്രാവിസ് ഹെഡ് 15 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 11 പന്തില്‍ 16 റണ്‍സ് നേടി അഭിഷേക് ശര്‍മയും പുറത്തായി. വെടിക്കെട്ട് വീരന്‍ എയ്ഡന്‍ മര്‍ക്രമിനെ സില്‍വര്‍ ഡക്കായാണ് ഹൈദരാബാദിന് നഷ്ടമായത്.

എന്നാല്‍ നാലാം നമ്പറിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം റെഡ്ഡി സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

രാഹുല്‍ ത്രിപാഠിക്കൊപ്പവും ക്ലാസനൊപ്പവും ചെറിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റെഡ്ഡി അബ്ദുള്‍ സമദിനെ ഒപ്പം കൂട്ടി സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഇതിനിടെ റെഡ്ഡി അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. നേരിട്ട 32ാം പന്തില്‍ പഞ്ചാബിന്റ ഏറ്റവും മികച്ച ബൗളറായ ഹര്‍പ്രീത് ബ്രാറിനെ സിക്‌സറിന് പറത്തിയാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കവെ അര്‍ഷ്ദീപ് സിങ് ഹോം ടീമിനാശ്യമായ ബ്രേക് ത്രൂ സ്വന്തമാക്കി. അബ്ദുള്‍ സമദിനെ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്. 12 പന്തില്‍ 25 റണ്‍സാണ് അബ്ദുള്‍ സമദ് നേടിയത്.

അതേ ഓവറില്‍ തന്നെ റെഡ്ഡിയെയും ഇടംകയ്യന്‍ പേസര്‍ പുറത്താക്കി. കഗീസോ റബാദയുടെ കൈകളിലൊതുങ്ങുമ്പോള്‍ 37 പന്തില്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 64 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍ഷല്‍ പട്ടേലും സാം കറനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ഹെയര്‍സ്‌റ്റോ, സാം കറന്‍, സിക്കന്ദര്‍ റാസ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ ററബാദ, അര്‍ഷ്ദീപ് സിങ്.

 

Content Highlight: IPL 2024: PBKS vs SRH: Nitish Kumar Reddy’s brilliant batting performance