ഐ.പി.എല്‍ 2024ലെ 23ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിതീഷ് കുമാര്‍ റെഡ്ഡിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 182 റണ്‍സിന്റെ ഡീസന്റ് ടോട്ടല്‍ പടുത്തുയര്‍ത്തി. 37 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് ടീമിന്റെ രണ്ടാമത് ഉയര്‍ന്ന സ്‌കോറര്‍.
സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സര്‍ നേടിയ ജയ്‌ദേവ് ഉനദ്കട്ടാണ് ടീമിനെ 182ലെത്തിച്ചത്. 20ാം ഓവറിലെ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്തായതോടെയാണ് 11ാം നമ്പറില്‍ ഉനദ്കട്ട് കളത്തിലിറങ്ങിയത്.
ഏയ്ഡന്‍ മര്‍ക്രവും ട്രാവിസ് ഹെഡും ഹന്റിച്ച് ക്ലാസനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട മത്സരത്തില്‍ ഉനദ്കട്ടില്‍ നിന്നും ആരാധകരും കാര്യമായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവനും അസ്ഥാനത്താക്കിക്കൊണ്ട് ഇന്നിങ്‌സിലെ അവസാന പന്ത് ഉനദ്കട് സിക്‌സറിന് പറത്തുകയായിരുന്നു.
ഗുഡ് ലെങ്ത്തില്‍ സാം കറന്‍ എറിഞ്ഞ പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ ഉനദ്കട് പൊക്കിയടിച്ചു. ലോങ് ഓണില്‍ ക്യാച്ചിന് ശ്രമിച്ച ഹര്‍ഷല്‍ പട്ടേലിന് പിഴയ്ക്കുകയും പന്ത് അതിര്‍ത്തി കടക്കുകയുമായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹര്‍ഷലിനെ തേടിയെത്തിയത്. സണ്‍റൈസേഴ്‌സിന്റെ ചരിത്രത്തില്‍ 11ാം നമ്പറിലിറങ്ങി സിക്‌സര്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഉനദ്കട് സ്വന്തമാക്കിയത്.
ഇതിന് പുറമെ ഒരു എലീറ്റ് ലിസ്റ്റിലും ഉനദ്കട് ഇടം നേടിയിരുന്നു. ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഒരു പന്ത് മാത്രം നേരിടുകയും ആ പന്ത് സിക്‌സറിന് പറത്തുകയും ചെയ്ത താരങ്ങളുടെ പട്ടികയിലാണ് ഉനദ്കട് ഇടം നേടിയത്.
ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍:-
ഡ്വെയ്ന്‍ ബ്രാവോ vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു -2011
വിനയ് കുമാര്‍ vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2012
രജത് ഭാട്ടിയ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2014
ആദിത്യ താരെ vs രാജസ്ഥാന്‍ റോയല്‍സ് – 2014
റാഷിദ് ഖാന്‍ vs കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2017
ജെവോണ്‍ സീല്‍സ് vs കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2018
നിക്കോളാസ് പൂരന്‍ vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2020
രവീന്ദ്ര ജഡേജ vs കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് – 2021
ഡാനിയല്‍ സാംസ് vs രാജസ്ഥാന്‍ റോയല്‍സ് -2022
കൃഷ്ണപ്പ ഗൗതം vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2023
ജയ്‌ദേവ് ഉനദ്കട് vs പഞ്ചാബ് കിങ്‌സ് – 2024*
അതേസമയം, സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 11 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 എന്ന നിലയിലാണ്. ആറ് പന്തില്‍ എട്ട് റണ്‍സുമായി ശശാങ്ക് സിങ്ങും 13 പന്തില്‍ 18 റണ്‍സുമായി സിക്കന്ദര്‍ റാസയുമാണ് ക്രീസില്‍.
സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ഹെയര്‍സ്‌റ്റോ, സാം കറന്‍, സിക്കന്ദര്‍ റാസ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ ററബാദ, അര്‍ഷ്ദീപ് സിങ്.
Content Highlight: IPL 2024: PBKS vs SRH: Jaydev Unadkat becomes the first SRH batter to hit a six at number 11