ഐ.പി.എല്‍ 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുകയാണ്. ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച ഓറഞ്ച് ആര്‍മി രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്. സ്വന്തം തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.
ജിതേഷ് ശര്‍മക്ക് കീഴില്‍ കളത്തിലിറങ്ങിയ പഞ്ചാബ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു.
മികച്ച തുടക്കമാണ് പഞ്ചാബ് കിങ്‌സിന് ലഭിച്ചത്. സണ്‍റൈസേഴ്‌സിന്റെ ഓരോ ബൗളര്‍മാരെയും അടിച്ചുതകര്‍ത്ത പഞ്ചാബ് ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പ്രഭ്‌സിമ്രാന്‍ സിങ്ങും അഥര്‍വ തായ്‌ദെയും ചേര്‍ന്നാണ് ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 27 പന്തില്‍ 46 റണ്‍സ് നേടിയ തായ്ദയെ പുറത്താക്കി ടി. നടരാജനാണ് ഹോം ടീമിന് ആദ്യ ബ്രേക് ത്രൂ നല്‍കിയത്.
Confidence 🤝 Execution
Positive strokeplay from the new Punjab Kings opening duo ❤️
പിന്നാലെയെത്തിയ റിലി റൂസോയെ കൂട്ടുപിടിച്ച് പ്രഭ്‌സിമ്രാന്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പഞ്ചാബ് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു.
ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെ പ്രഭ്‌സിമ്രാനെ വിജയ്കാന്ത് വിയാസ്‌കാന്ത് പുറത്താക്കി. 45 പന്തില്‍ 71 റണ്‍സാണ് സിങ് നേടിയത്.
ഹൈദരാബാദിനായി ടി. നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും വിജയ്കാന്ത് വിയാസ്‌കാന്തും ഓരോ വിക്കറ്റ് വീതം നേടി. പഞ്ചാബ് നിരയില്‍ ശശാങ്ക് സിങ് റണ്‍ ഔട്ടായി പുറത്തായി.
ഈ മത്സരത്തില്‍ വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും പഞ്ചാബിന്റെ ലക്ഷ്യമെങ്കിലും ഇത് ഫലത്തില്‍ ഗുണം ചെയ്യുക രാജസ്ഥാന്‍ റോയല്‍സിനാണ്. പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് പരാജയപ്പെട്ടാല്‍ സഞ്ജുവിനും സംഘത്തിനും രണ്ടാം സ്ഥാനം നിലനിര്‍ത്താനും ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്തയെ നേരിടാനും സാധിക്കും.
പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് വിജയിക്കുകയാണെങ്കില്‍ 17 പോയിന്റുമായി ടീം രണ്ടാമതെത്തും. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് നട
ക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ രണ്ടാം സ്ഥാനത്തെത്താന്‍ സാധിക്കൂ.
അഥവാ സണ്‍റൈസേഴ്‌സ് പരാജയപ്പെട്ടാല്‍ തങ്ങളുടെ മത്സരത്തിന് മുമ്പ് തന്നെ ആദ്യ ക്വാളിഫയറിന് യോഗ്യത നേടാന്‍ സഞ്ജുവിനും സംഘത്തിനുമാകും.
Content Highlight: IPL 2024: PBKS vs SRH: If Punjab beats Hyderabad, Rajasthan Royals will automatically qualify for qualifier 1