| Tuesday, 9th April 2024, 11:00 pm

വിക്കറ്റ് പോയ ശിഖര്‍ ധവാനും പന്തെറിഞ്ഞ ഭുവനേശ്വറിനും ഒരുപോലെ റെക്കോഡ്; ഒരു പന്തില്‍ പിറന്നത് ചരിത്രവും നാണക്കേടും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 23ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിതീഷ് കുമാര്‍ റെഡ്ഡിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 182 റണ്‍സിന്റെ ഡീസന്റ് ടോട്ടല്‍ പടുത്തുയര്‍ത്തി. 37 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് ടീംമിന്റെ രണ്ടാമത് ഉയര്‍ന്ന സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ജോണി ബെയര്‍സ്‌റ്റോയെ പഞ്ചാബിന് നഷ്ടമായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

മൂന്നാം ഓവറിന്റെ അവസാന പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഹോം ടീമിന് അടുത്ത തിരിച്ചടി നല്‍കി. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും പഞ്ചാബിനെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയാണ് ഭുവി മടക്കിയത്. വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസന്റെ ഇടിമിന്നലിനെ തോല്‍പിക്കുന്ന സ്റ്റംപിങ്ങില്‍ ധവാന്‍ പുറത്താവുകയായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഭുവനേശ്വകര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒന്നിലധികം സ്റ്റംപിങ്ങില്‍ ഭാഗമാകുന്ന ഏക പേസ് ബൗളര്‍ എന്ന നേട്ടമാണ് ഭുവി നേടിയത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പേ 2013ല്‍ മന്‍വീന്ദര്‍ ബിസ്‌ലയുടെ പുറത്താകലിനും ഭുവനേശ്വര്‍ കാരണമായി.

ഈ സ്റ്റംപിങ്ങിന് പിന്നാലെ മികച്ച നേട്ടം ഭുവനേശ്വറിനെ തേടിയെത്തിയപ്പോള്‍ ഒരു മോശം നേട്ടമാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ സ്റ്റംപിങ്ങിലൂടെ പുറത്താകുന്ന താരം എന്ന മോശം നേട്ടമാണ് ധവാന്‍ തന്റെ പേരില്‍ കുറിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ സ്റ്റംപിങ്ങിലൂടെ പുറത്താകുന്ന താരങ്ങള്‍

ശിഖര്‍ ധവാന്‍ – 8 തവണ*

സുരേഷ് റെയ്‌ന – 8 തവണ

റോബിന്‍ ഉത്തപ്പ – 8 തവണ

വൃദ്ധിമാന്‍ സാഹ – 7 തവണ

ഫാഫ് ഡു പ്ലെസി – 7 തവണ

അംബാട്ടി റായിഡു – 7 തവണ

അതേസമയം, സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 16 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന നിലയിലാണ്. 14 പന്തില്‍ 19 റണ്‍സുമായി ശശാങ്ക് സിങ്ങും രണ്ട് പന്തില്‍ ഒരു റണ്ണുമായി അശുതോഷ് ശര്‍മയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ഹെയര്‍സ്‌റ്റോ, സാം കറന്‍, സിക്കന്ദര്‍ റാസ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ ററബാദ, അര്‍ഷ്ദീപ് സിങ്.

Content highlight: IPL 2024: PBKS vs SRH: Henrich Klaasen stumps Shikhar Dhawan

We use cookies to give you the best possible experience. Learn more