ആളുമാറി അബദ്ധത്തില്‍ വിളിച്ചെടുത്തവന്‍ രക്ഷകനാകുന്നു; കോടികളെറിഞ്ഞ് വാങ്ങിയവരേക്കാള്‍ മൂല്യം
IPL
ആളുമാറി അബദ്ധത്തില്‍ വിളിച്ചെടുത്തവന്‍ രക്ഷകനാകുന്നു; കോടികളെറിഞ്ഞ് വാങ്ങിയവരേക്കാള്‍ മൂല്യം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 4:49 pm

 

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആര്‍.സി.ബി വിജയിച്ചുകയറിയത്. സീസണിലെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട ശേഷം ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മത്സരത്തില്‍ പ്ലേ ബോള്‍ഡ് ആര്‍മി വിജയിച്ചുകയറുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്.

ജിതേഷ് ശര്‍മ (20 പന്തില്‍ 27), പ്രഭ്സിമ്രാന്‍ സിങ് (17 പന്തില്‍ 25), സാം കറന്‍ (17 പന്തില്‍ 25 റണ്‍സ്), ശശാങ്ക് സിങ് (എട്ട് പന്തില്‍ 21*) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍.

പഞ്ചാബ് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ആഞ്ഞടിച്ച ശശാങ്ക് സിങ്ങാണ് ചിന്നസ്വാമിയിലെ പൊരുതാവുന്ന സ്‌കോറിലേക്ക് ധവാനെയും സംഘത്തെയുമെത്തിച്ചത്. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറും പറത്തിയാണ് സിങ് കയ്യടി നേടിയത്.

എട്ട് പന്തില്‍ പുറത്താകാതെ 21 റണ്‍സാണ് താരം നേടിയത്. 262.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ശശാങ്ക് റണ്ണടിച്ചുകൂട്ടിയത്. പഞ്ചാബ് നിരയിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ഇതുതന്നെയാണ്.

പഞ്ചാബ് നിരയിലേക്ക് ഫിനിഷറുടെ റോളില്‍ ഉയര്‍ന്നുവരാന്‍ ഭാവിയുള്ള താരമാണ് താനെന്ന് അടിവരയിടുന്ന ഇന്നിങ്‌സാണ് ശശാങ്ക് കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

എന്നാല്‍ ഈ പഞ്ചാബ് കിങ്‌സിനായി ഈ സീസണില്‍ കളിക്കേണ്ടിയിരുന്നവനായിരുന്നില്ല ശശാങ്ക് സിങ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ പഞ്ചാബ് അബദ്ധത്തില്‍ സ്വന്തമാക്കിയ താരമാണ് ശശാങ്ക് സിങ്. മറ്റൊരു താരത്തിനായി ശ്രമിച്ച പഞ്ചാബ് ആളുമാറി താരത്തെ സ്വന്തമാക്കുകയായിരുന്നു.

ലേല നടപടികളുടെ ഭാഗമായി ആങ്കര്‍ മല്ലിക സാഗര്‍ ശശാങ്കിന്റെ പേരും അടിസ്ഥാന വിലയും പ്രഖ്യാപിച്ചതോടെ പഞ്ചാബ് രംഗത്തുവരികയായിരുന്നു. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ മറ്റ് ടീമുകളൊന്നും തന്നെ ശശാങ്കിന് വേണ്ടി ശ്രമിക്കാതിരുന്നതോടെ ലേലം ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് തങ്ങള്‍ക്ക് അബദ്ധം പിണഞ്ഞ കാര്യം ടീം ഉടമകളായ പ്രീതി സിന്റക്കും നെസ് വാഡിയക്കും മനസിലായത്. അവര്‍ ഇക്കാര്യം മല്ലിക സാഗറിനെ അറിയിക്കുകയും ചെയ്തു.

മല്ലിക സാഗര്‍ എന്താണ് പറ്റിയതെന്ന് ചോദിക്കുകയും തങ്ങള്‍ക്ക് ആളുമാറിയ വിവരം പഞ്ചാബ് കിങ്സ് അറിയിക്കുകയുമായിരുന്നു. ശശാങ്ക് സിങ്ങിനെയാണോ ഉദ്ദേശിച്ചതെന്ന് ആങ്കര്‍ ചോദിക്കുകയും അതെയെന്ന് പഞ്ചാബ് മറുപടി പറയുകയും ചെയ്തു.

എന്നാല്‍ ലേലം ഉറപ്പിച്ചതിനാല്‍ പഞ്ചാബിന് പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മല്ലിക സാഗര്‍ അറിയിച്ചതോടെ പഞ്ചാബ് സിംഹങ്ങള്‍ ശശാങ്കിനെ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ തിളങ്ങിയ താരം അബദ്ധത്തിലാണെങ്കിലും തന്നെ ടീമിലെത്തിച്ച തീരുമാനം ശരിയെന്ന് അടിവരയിട്ടുറപ്പിക്കുകയായിരുന്നു.

അതേസമയം, രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റുമായി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്.

മാര്‍ച്ച് 30നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. എതിരാളികളുടെ കളിത്തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലേക്കാണ് പഞ്ചാബ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.

 

 

Content highlight: IPL 2024: PBKS vs RCB: Shashank Singh’s brilliant innings